കൊച്ചി: തോപ്പുംപടിയിലെ പിക് ആന്‍ഡ് സേവ് സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും 62 ലക്ഷത്തോളം രൂപ കവര്‍ന്ന കേസില്‍ മുന്‍ ജീവനക്കാരെ തോപ്പുംപടി പൊലീസ് പിടികൂടി. മട്ടാഞ്ചേരി നസ്രത്ത് ഹോളി ക്രോസ് നഗറില്‍ എം.എ. സനമോള്‍ (31), പള്ളുരുത്തി സജനാലയത്തില്‍ രഞ്ജു സാജ് എബ്രഹാം (23) എന്നിവരാണ് പിടിയിലായത്. സൂപ്പര്‍ മാര്‍ക്കറ്റിലെ ബില്ലിങ്ങില്‍ ജോലി ചെയ്തു വരികയായിരുന്ന സന. 2022 മേയ് മുതല്‍ 2025 ഒക്ടോബര്‍ വരെയുള്ള കാലയളവിലാണ് ഇരുവരും പണം തട്ടിയെടുത്തത്. സന തുടര്‍ച്ചയായി കൗണ്ടറില്‍ നിന്ന് തുക മോഷ്ടിച്ച് രഞ്ജുവിന് നല്‍കിയെന്നാണ് കേസ്. തട്ടിയെടുത്ത പണം
രഞ്ജുവിന്റെ അക്കൗണ്ടിലിട്ടതായി കണ്ടെത്തിയിരുന്നു. പണം ഇടയ്ക്കിടെ നഷ്ടമായതോടെ
സംശയം തോന്നിയ സൂപ്പര്‍ മാര്‍ക്കറ്റ് ഉടമ ഇവരെ നിരീക്ഷിച്ചു. പണമെടുക്കുന്നുണ്ടെന്ന് വ്യക്തമായതോടെ ഉടമ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസില്‍ പരാതി ലഭിച്ചതറിഞ്ഞ യുവതിയും യുവാവും
വിദേശത്തേക്ക് കടന്നു.ഇവര്‍ക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. സനയും രഞ്ജുവും തിരിച്ച് കൊച്ചിയിലെത്തിയതായി അറിഞ്ഞ ഉടന്‍ പൊലീസ് ഇരുവരേയും കസ്റ്റഡിയിലെടുത്തു. ലുക്ക് ഔട്ട് നോട്ടീസ് ഉള്ളതിനാല്‍ ഇവര്‍ നേപ്പാള്‍ വഴിയാണ് ഇന്ത്യയിലെത്തിയതെന്നാണ് വിവരം. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.








