തെരുവുനായകള്‍ കൂട്ടത്തോടെ ആക്രമിച്ചു; രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ മയില്‍ കിണറ്റില്‍ വീണു, രക്ഷകരായി ഫയര്‍ഫോഴ്‌സ്

കാസര്‍കോട്: തെരുവു നായ്ക്കളുടെ കൂട്ടത്തോടെയുള്ള ആക്രമണത്തില്‍ നിന്നു രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ മയില്‍ കിണറ്റില്‍ വീണു. വീട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സെത്തി മയിലിനെ രക്ഷപ്പെടുത്തി.
പെരുമ്പള, വിഷ്ണുപ്പാറയിലാണ് സംഭവം. ചന്ദ്രശേഖരന്‍ നായരുടെ വീട്ടു കിണറില്‍ ഇന്നലെ (തിങ്കള്‍) ഉച്ചയ്ക്കാണ് മയില്‍ വീണത്. പരിസരത്തു നിന്നു തെരുവു നായ്ക്കള്‍ കൂട്ടത്തോടെ കുരയ്ക്കുന്നതു കേട്ടാണ് വീട്ടുകാര്‍ ശ്രദ്ധിച്ചത്. അടുത്തുചെന്നു നോക്കിയപ്പോള്‍ കിണറില്‍ ജീവനുമായി മല്ലിടുന്ന മയിലിനെയാണ് കണ്ടത്. ഉടന്‍ വിവരം ഫയര്‍ഫോഴ്‌സിനെ അറയിച്ചു.
സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍ കെ. രഞ്ജിത്തിന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്‌സ് കുതിച്ചെത്തി. ഫയര്‍ഫോഴ്‌സ് അംഗങ്ങളായ ഷിജില്‍ കുമാര്‍, അഭിലാഷ് , സാദിഖ് എന്നിവര്‍ റെസ്‌ക്യു നെറ്റുമായി കിണറ്റിലിറങ്ങി. ഏറെ നേരത്തെ പരിശ്രമത്തിനു ശേഷം മയിലിനെ നെറ്റിനകത്താക്കി മുകളില്‍ എത്തിച്ചു. അവശനിലയിലായിരുന്നു മയില്‍. ആദ്യം നടക്കാന്‍ പോലും കഴിഞ്ഞില്ല. ഏറെ നേരത്തിനു ശേഷം മയില്‍ വീടിന്റെ ടെറസിലേയ്ക്കും പിന്നീട് സമീപത്തെ മരത്തിലേയ്ക്കും കയറിപ്പോയതായി ഫയര്‍ഫോഴ്‌സ് അറിയിച്ചു.
ഫയര്‍ ഫോഴ്‌സ് സംഘത്തില്‍ റെസ്‌ക്യു ഓഫീസര്‍ പ്രീതി പ്രകാശ്, ഹോം ഗാര്‍ഡ് പ്രസാദ് എന്നിവരും ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page