മുസ്ലീംലീഗ്- എസ് ടി യു നേതാവ് ഇ. അബ്ദുല്‍ റഹ്‌മാന്‍ കുഞ്ഞ് മാസ്റ്റര്‍ അന്തരിച്ചു; വിടവാങ്ങിയത് കാസര്‍കോട്ട് നിറഞ്ഞു നിന്ന ബഹുമുഖ പ്രതിഭ

കാസര്‍കോട്: മുസ്ലീംലീഗ് നേതാവും ദീര്‍ഘകാലം എസ് ടി യു ജില്ലാ പ്രസിഡണ്ടുമായിരുന്ന കാസര്‍കോട്, ബെദിരയിലെ ഇ. അബ്ദുല്‍ റഹ്‌മാന്‍ കുഞ്ഞ് മാസ്റ്റര്‍ (80)അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു.
കൊല്ലം സ്വദേശിയായ അബ്ദുല്‍ റഹ്‌മാന്‍ കുഞ്ഞ് അധ്യാപകനായിട്ടാണ് കാസര്‍കോട്ടെത്തിയത്. അധ്യാപനത്തിനൊപ്പം സാമൂഹ്യ- രാഷ്ട്രീയ രംഗങ്ങളില്‍ സജീവ സാന്നിധ്യമായി. മുസ്ലീംലീഗ് കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറി, കാസര്‍കോട് മുനിസിപ്പല്‍ സ്റ്റാന്റിംഗ് ചെയര്‍മാന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

1946ല്‍ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിലെ ക്ലാപ്പനയില്‍ ഇബ്രാഹിം കുട്ടിയുടെയും ആയിഷയുടെയും മകനായിട്ടായിരുന്നു ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കൊല്ലം എസ് എന്‍ ടി ടി ഐയില്‍ നിന്ന് ടി ടി സി പാസായി. പിന്നാലെ നായന്മാര്‍മൂല ടി ഐ എച്ച് എസില്‍ അധ്യാപകനായി ചേര്‍ന്നു. ആറുവര്‍ഷം അവിടെ അധ്യാപകനായിരുന്നു. 1976 ജൂണ്‍ ഒന്നിന് ബെദിരയില്‍ പാണക്കാട് പൂക്കോയ തങ്ങള്‍ എ എല്‍ പി സ്‌കൂള്‍ ആരംഭിച്ചപ്പോള്‍ അബ്ദുള്‍ റഹ്‌മാന്‍ കുഞ്ഞ് പ്രധാന അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. 1992 വരെ ബെദിര സ്‌കൂളില്‍ പ്രധാന അധ്യാപകനായി സേവനമനുഷ്ഠിച്ചു. അധ്യാപനത്തിനൊപ്പം പൊതു -രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലും സജീവമായി. മൂന്നു തവണ കാസര്‍കോട് നഗരസാഭാംഗമായും രണ്ടു തവണ ആരോഗ്യ- സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായി പ്രവര്‍ത്തിച്ചു. മുസ്ലീംലീഗ് മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി ,സ്വതന്ത്ര തൊഴിലാളി യൂണിയന്‍ ജില്ലാ പ്രസിഡണ്ട്, സംസ്ഥാന വൈസ് പ്രസിഡണ്ട് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
സമൂഹത്തില്‍ പിന്നോക്കം നില്‍ക്കുന്നവരെ ഉന്നതിയിലെത്തിക്കാനും അവരുടെ വിദ്യാഭ്യാസ പുരോഗതിക്കു വേണ്ടി പ്രവര്‍ത്തിക്കാനും കഴിഞ്ഞിരുന്ന അബ്ദുല്‍ റഹ്‌മാന്‍ കുഞ്ഞ് പരോപകാരി കൂടിയായിരുന്നു.
ചാലയില്‍ വോളിബോള്‍ കോര്‍ട്ട് നിര്‍മ്മിക്കുന്നതിനും കാസര്‍കോട് ഐടിഐയ്ക്ക് ചാലയില്‍ ഭൂമി കണ്ടെത്തുന്നതിനും നിര്‍ണ്ണായക പങ്കു വഹിച്ചു. ഭാര്യമാര്‍: പരേതയായ ആയിഷ, ആയിഷ പുതിയടുക്കം. മക്കള്‍: സാജിദ, സജീദ് സദര്‍ റിയാസ് (സബ് എഞ്ചിനീയര്‍ കെഎസ്ഇബി), സ്വാലിഹ്. ഖബറടക്കം മഗ് രീബ് നിസ്‌കാരാനന്തരം ബെദിര ജുമാമസ്ജിദ് അങ്കണത്തില്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page