കോട്ടയം: കൂരോപ്പടയിൽ കടുത്ത സാമ്പത്തിക ബാധ്യതയെത്തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിലെ നാലാമത്തെയാളും മരിച്ചു. മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞ അലൻ തോമസ് (12) ആണ് ചൊവ്വാഴ്ച രാത്രിയോടെ മരണത്തിന് കീഴടങ്ങിയത്. ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ ചികിത്സയിൽ തുടരുകയായിരുന്നു അലൻ. ഇതോടെ ഈ ദാരുണ സംഭവത്തിൽ ഒരേ കുടുംബത്തിലെ നാല് അംഗങ്ങളുടെയും ജീവൻ പൊലിഞ്ഞു. അലന്റെ മാതാപിതാക്കളായ ചിറപ്പുറത്ത് വീട്ടിൽ തോമസ്, ജോത്സന തോമസ്, സഹോദരി മരിയ തെരേസ എന്നിവർ കഴിഞ്ഞ ദിവസങ്ങളിൽ മരിച്ചിരുന്നു. കീടനാശിനി ഉള്ളിൽച്ചെന്ന നിലയിലാണ് ഇവരെ മെഡിക്കൽ കോളേജിലെത്തിച്ചത്. ജൂലൈ 13-നാണ് നാലംഗ കുടുംബം കീടനാശിനി കഴിച്ച് ജീവനോടുക്കാൻ ശ്രമിച്ചത്. ജോസ്നയുടെ സഹോദരൻ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും പ്രതികരണമില്ലാത്തതിനെ തുടർന്ന് വീട്ടിലെത്തി നോക്കിയപ്പോഴാണ് നാലുപേരെയും അവശനിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും നാലുപേരുടെയും ജീവൻ രക്ഷിക്കാനായില്ല. കോട്ടയം എസ്.പിയുടെ നേതൃത്വത്തിൽ കുടുംബത്തിന്റെ ആത്മഹത്യ സംബന്ധിച്ച് ഊർജിത അന്വേഷണം നടക്കുന്നുണ്ട്. സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം.








