കാസർകോട്: പൊതുമരാമത്ത് കരാറുകാരനും മുതിർന്ന കോൺഗ്രസ് നേതാവും പൗരപ്രമുഖനുമായ ചട്ടഞ്ചാലിലെ പട്ടുവത്തിൽ കെ മൊയ്തീൻകുട്ടി ഹാജി അന്തരിച്ചു. 92 വയസായിരുന്നു. ചൊവ്വാഴ്ച രാത്രി 11 മണിയോടെ കാസർകോട്ടെ ആശുപത്രിയിൽ വച്ചാണ് അന്ത്യം സംഭവിച്ചത്. ചെമ്മനാട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റായിരുന്നു. ചട്ടഞ്ചാൽ എൻജിനീയറിങ് ഇൻഡസ്ട്രീസ് ഉടമയാണ്. ദീർഘകാലം ചട്ടഞ്ചാൽ ജുമാ മസ്ജിദിന്റെ പ്രസിഡൻ്റായിരുന്നു. കീഴൂർ സംയുക്ത ജമാഅത്ത് ട്രഷറർ ഉൾപ്പെടെ വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും നിരവധി പ്രധാന സ്ഥാനങ്ങൾ വഹിച്ചിരുന്നു. പഴശി ഡാം പ്രൊജക്ട്, ചന്ദ്രഗിരി പാലം അടക്കമുള്ള പല പദ്ധതികളുടെയും നിര്‍മ്മാണം ഏറ്റെടുത്ത് നടത്തിയത് മൊയ്തീന്‍ കുട്ടി ഹാജിയായിരുന്നു. ചട്ടഞ്ചാൽ ഹയർസെക്കൻഡറി സ്കൂളിന്റെ മുൻ മാനേജർ ആയിരുന്നു. ആദരസൂചകമായി ഇന്ന് സ്കൂളിന് അവധി നൽകി. ഭാര്യ: പരേതയായ ആയിഷാബി. മക്കള്‍: സുബൈദ. ഇഖ്ബാല്‍, താഹിറ, ഫൈസല്‍. മരുമക്കള്‍: കെഎസ് ഹബീബ്, എന്‍എ ഹാരിസ്(ബംഗളൂരു), ഖമറുന്നീസ മൂസ, ഡോ.റമീസ മുഹ്‌മൂദ്. സഹോദരങ്ങള്‍: ടികെ അബ്ദുല്‍ ഖാദര്‍ ഹാജി, ടികെ മാഹിന്‍ ഹാജി, അബ്ദുല്ല ഹാജി, ആയിഷ.








