സോങ്കാലിലെ അല്‍ത്താഫിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസ്: വിദേശത്തു നിന്നും എത്തിയ പെരിങ്കടി സ്വദേശി കണ്ണൂര്‍ വിമാനത്താവളത്തില്‍ അറസ്റ്റില്‍

കാസര്‍കോട്: ഉപ്പള സോങ്കാലിലെ അല്‍ത്താഫി (52)നെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍. മംഗല്‍പ്പാടി, പെരിങ്കടി, പള്ളി ഹൗസിലെ അബ്ദുല്‍ റുമീദ് (29) ആണ് അറസ്റ്റിലായത്. 2019 ജൂണ്‍ 23ന് ആണ് സോങ്കാലിലെ അല്‍ത്താഫ് കൊല്ലപ്പെട്ടത്. കേസില്‍ അല്‍ത്താഫിന്റെ മകള്‍ ഷെറീനയുടെ ഭര്‍ത്താവും ഷബീറും മറ്റു നാലുപേരും ചേർന്ന് തട്ടികൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തിയെന്നാണ് കുമ്പള പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്. കൊലക്കേസില്‍ മുഴുവന്‍ പ്രതികളെയും അറസ്റ്റു ചെയ്തിരുന്നു. പിന്നീട് ജാമ്യത്തില്‍ ഇറങ്ങിയ അബ്ദുല്‍ റുമീദ് 2020ല്‍ ആംസ് ആക്ട് പ്രകാരവും പിടിയിലായിരുന്നതായി പൊലീസ് പറഞ്ഞു. കൊലക്കേസില്‍ പ്രതിയായിരിക്കെ അബ്ദുല്‍ റുമീദ് ഒളിവില്‍ പോയി. പ്രതി വിദേശത്തേയ്്ക്ക് കടന്നുവെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ ദിവസം രാത്രി നാട്ടിലേയ്ക്ക് വരുന്നതിനിടെ കണ്ണൂര്‍ വിമാനത്താവളത്തിലാണ് പ്രതി പിടിയിലായത്. വിമാനതാവള അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ ബൈജു കെ ജോസിന്റെ നേതൃത്വത്തില്‍ പൊലീസ് വിമാനതാവളത്തിലെത്തി പ്രതിയെ അറസ്റ്റു ചെയ്തു കുമ്പളയിലെത്തിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page