തിരു: സംസ്ഥാന സര്‍ക്കാരിന്റെ നൂറു ദിന കര്‍മ്മ പരിപാടിയായ സമഗ്ര 2026 മുഖ്യമന്ത്രി വിഡി സതീശന്‍ 23നു ഉദ്ഘാടനം ചെയ്യും. 15000 ഗുണഭോക്താക്കള്‍ 100 കോടിയധികം രൂപയുടെ വായ്പ ഇതോടനുബന്ധിച്ച് മുഖ്യമന്ത്രി വിതരണം ചെയ്യുമെന്ന് മന്ത്രി കെഎ തുളസി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന പരിപാടിയുടെയും വിവിധ ക്ഷേമ പദ്ധതികളുടെയും സംസ്ഥാനതല ഉദ്ഘാടനമാണ് 23നു കൊച്ചിയില്‍ നടക്കുക. പള്ളുരുത്തി എസ്എന്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി.
സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ-പിന്നോക്ക ക്ഷേമ വകുപ്പുകളുടെ 100 ദിന കര്‍മ്മപരിപാടിയില്‍ 31 പദ്ധതികളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതില്‍ മൂന്നു പദ്ധതികള്‍ സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ നടപ്പാക്കും.
പദ്ധതിയനുസരിച്ച് 100 ദിവസത്തിനകം 16000 ഗുണഭോക്താക്കള്‍ക്ക് 200 കോടി രൂപ വായ്പാ സഹായം നല്‍കും. വനിതാ ശാക്തീകരണത്തിനായി പലിശരഹിത സൂക്ഷ്മ-ചെറുകിട സംരംഭ വായ്പയായ പ്രിയദര്‍ശിനി പദ്ധതിയും സര്‍വ്വീസില്‍ നിന്നു വിരമിച്ചവര്‍ക്കുള്ള സീനിയര്‍ സെക്യുവര്‍ വായ്പ പദ്ധതിയും ചടങ്ങില്‍ പ്രഖ്യാപിക്കും. സമഗ്രയുടെ അടുത്ത പരിപാടി സെപ്തംബറില്‍ പാലക്കാട് നടക്കും.








