കാസര്‍കോട്: അപകടങ്ങള്‍ പതിവായ മൂന്നാം കടവ് കയറ്റത്തില്‍ ഇന്ന് (തിങ്കള്‍) പുലര്‍ച്ചെ ഒഴിവായത് വന്‍ അപകടം. പുലര്‍ച്ചെ അഞ്ചു മണിയോടെ കര്‍ണാടകയില്‍ നിന്നു കോഴികളുമായെത്തിയ പിക്കപ്പാണ് അപകടത്തില്‍ നിന്നു തലനാരിഴക്ക് രക്ഷപ്പെട്ടത്. പിക്കപ്പ് മൂന്നാം കടവ് പാലം കഴിഞ്ഞുള്ള വളവോടു കൂടിയ കയറ്റത്തിലെത്തിയപ്പോള്‍ ആണ് അപകടത്തില്‍പ്പെട്ടത്. കുത്തനെയുള്ള കയറ്റത്തില്‍ ബ്രേക്ക് ഡൗണ്‍ ആയതിനെ തുടര്‍ന്ന് നിര്‍ത്തിയിട്ട ചെങ്കല്ല് ലോറിയെ മറി കടക്കാന്‍ പിക്കപ്പിന് കഴിഞ്ഞില്ല. ഇതോടെ പിക്കപ്പ് പിറകിലോട്ട് നീങ്ങി. അതിസാഹസികമായാണ് ഡ്രൈവര്‍ പിക്കപ്പ് സമീപത്തെ താഴ്ചയിലേക്ക് വീഴാതെ നിയന്ത്രിച്ചത്. പിന്നോട്ടോ മുന്നോട്ടോ പോകാന്‍ കഴിയാതെ കുടുങ്ങിയ കോഴി വണ്ടിയെ ഒരു മണിക്കൂറിന് ശേഷം നാട്ടുകാരുടെ സഹായത്തോടെ ജെസിബി ഉപയോഗിച്ചാണ് തള്ളിക്കയറ്റിയത്. മൂന്നാം കടവ് കയറ്റത്തില്‍ നേരത്തെ ഉണ്ടായ അപകടത്തില്‍ ഒരുപാട് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അപകടങ്ങള്‍ ഉണ്ടാകുന്ന സമയത്തൊക്കെ നാട്ടുകാരും പരിസരവാസികളും പ്രതിഷേധങ്ങളുമായി രംഗത്തെത്താറുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ അധികൃതരെത്തി പ്രശ്‌ന പരിഹാരത്തിനു നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് നല്‍കിയാണ് മടങ്ങാറ്. എന്നാല്‍ പരിഹാരം കാണാൻ അധികൃതര്‍ തയ്യാറാകാത്തത് നാട്ടുകാരില്‍ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.







