സ്വയം കൃതാനര്‍ത്ഥം

‘സാമ്പത്തിക പ്രതിസന്ധി’- സര്‍ക്കാരിന്റെ മുമ്പിലുള്ള വിലങ്ങുതടിയാണ്‌. ജനക്ഷേമകരമായ, വികസനോന്മുഖ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കാന്‍ സര്‍ക്കാരിന് ആഗ്രഹമില്ലാതെയല്ല, പക്ഷേ സാമ്പത്തിക പ്രതിസന്ധി തടസ്സമാവുന്നു.
അധികാരം കയ്യാളുന്നവര്‍-ഏത് രാഷ്ട്രീയക്കാരായാലും പറയാറുള്ളത് ഇതാണ്; എങ്ങനെ ഉണ്ടായി ഈ സാമ്പത്തിക പ്രതിസന്ധി? പൊതു ഖജനാവ് കൈകാര്യം ചെയ്യുന്നവരുടെ ധൂര്‍ത്ത് കൊണ്ടല്ലേ? ധൂര്‍ത്ത് തടയേണ്ട ഭരണാധികാരികള്‍ തന്നെ ധൂര്‍ത്തന്മാരായാല്‍ ഇങ്ങനെയല്ലേ സംഭവിക്കൂ.
സംസ്ഥാന സര്‍ക്കാരിനെ അലട്ടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ കാരണവും പരിഹാരമാര്‍ഗ്ഗവും മുന്‍ കേരള മുഖ്യമന്ത്രി കണ്ടുപിടിച്ചു. 2001-2005 കാലം കേരള മുഖ്യമന്ത്രിയായിരുന്ന എ കെ ആന്റണി. അദ്ദേഹം പറഞ്ഞത് ഇതാണ്; ഒരു മാസക്കാലം സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഓഫീസുകളും അടച്ചിടണം. ഒന്നും സംഭവിക്കുകയില്ല. എന്നാല്‍ സര്‍ക്കാരിന്റെ സാമ്പത്തിക ക്ലേശം മാറും. അതെങ്ങനെ എന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും പണിയെടുക്കാതെ ശമ്പളം പറ്റുന്നു. ആണ്ടില്‍ 150 ദിവസം ജോലിചെയ്ത് 365 ദിവസത്തെ ശമ്പളം വാങ്ങുന്നു അധ്യാപകര്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ ആണ്ടില്‍ 214 ദിവസം ജോലിചെയ്ത് 365 ദിവസത്തെ ശമ്പളം പറ്റുന്നു. ജോലി ചെയ്യുന്ന ദിവസങ്ങള്‍ ഏതൊക്കെ? വെറുതെയിരിക്കുന്ന ദിവസങ്ങള്‍ ഏതൊക്കെ? അത് അദ്ദേഹം പറഞ്ഞിട്ടില്ല. അതല്ല, പറഞ്ഞിട്ടും പത്രക്കാര്‍ വെളിപ്പെടുത്താത്തതോ?

തല്‍ക്കാലം അതവിടെ നില്‍ക്കട്ടെ. അധ്യാപകരെയും സര്‍ക്കാര്‍ ജീവനക്കാരെയും പണിയെടുക്കാതെ ശമ്പളം വാങ്ങുന്നവര്‍ എന്ന് കുറ്റപ്പെടുത്തുന്ന ആന്റണിയുടെ വര്‍ഗ്ഗക്കാര്‍, അതായത് മന്ത്രിമാരും എംഎല്‍എമാരും എംപിമാരും എത്ര ദിവസം ജോലി ചെയ്യുന്നു? ജോലി ചെയ്യാതെ എത്ര ദിവസത്തെ ശമ്പളം പറ്റുന്നു.
2011ലെ ഒരു പത്ര റിപ്പോര്‍ട്ട്: കോണ്‍ഗ്രസ് എംപി സുരേഷ് കല്‍മാഡി, 2010ല്‍ ഡല്‍ഹിയില്‍ നടന്ന പത്തൊമ്പതാമത് കോമണ്‍വെല്‍ത്ത് ഗെയിംസിനുവേണ്ടി കളിക്കളം ഒരുക്കിയതില്‍ വമ്പിച്ച അഴിമതി നടത്തി എന്ന കേസില്‍ പ്രതിയായി ജയിലില്‍ അടക്കപ്പെട്ടു. പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാനായി ജയില്‍ മുക്തി അനുവദിക്കണമെന്ന് കല്‍മാഡി അപേക്ഷിച്ചു. അത് സംബന്ധിച്ച ഹര്‍ജി പരിഗണിക്കുമ്പോള്‍ ജസ്റ്റിസ് രാജീവ് സഹായി എന്‍ഡ്ലോ ചോദിച്ചു; താങ്കള്‍ പാര്‍ലമെന്റില്‍ ഹാജരായില്ലെങ്കില്‍ ഗവണ്‍മെന്റ് വീഴുമോ? താങ്കള്‍ എന്താണ് പാര്‍ലമെന്റില്‍ ചെയ്യുന്നത് എന്ന് വാര്‍ത്ത ചാനലില്‍ കാണാറുണ്ട്. ഒരു ചോദ്യം എഴുതി കൊടുക്കട്ടെ. അത് സഭയില്‍ വെക്കാമല്ലോ. ഒരു ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്‍ തടവിലാക്കപ്പെട്ടാല്‍ ഓഫീസ് ഡ്യൂട്ടിയുടെ ഭാഗമായുള്ള ഔദ്യോഗിക യോഗത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കുമോ?
ആഭ്യന്തരമന്ത്രാലയത്തോട് കല്‍മാഡിയുടെ അഞ്ചുവര്‍ഷത്തെ ഹാജര്‍ കണക്ക് ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. അത് വിഷമമാണെന്ന് കല്‍മാഡിയുടെ വക്കീല്‍ പറഞ്ഞപ്പോള്‍ അങ്ങനെയാണെങ്കില്‍ കഴിഞ്ഞ സെഷനിലേത് മതി എന്ന് കോടതി പറഞ്ഞു. കഴിഞ്ഞ രണ്ടു കൊല്ലക്കാലത്ത് പാര്‍ലമെന്റ് സമ്മേളനത്തില്‍ പകുതി ദിവസം പോലും കല്‍മാഡി ഹാജരായിട്ടില്ല. (പാര്‍ലമെന്റ് വെബ്സൈറ്റ്)
ഹാജരായില്ലെങ്കിലും മെമ്പര്‍മാര്‍ക്ക് (എംഎല്‍എക്കും എംപിക്കും) ശമ്പളം കിട്ടും. സിറ്റിംഗ് ഫീസ് (ഇരിപ്പുകൂലി) മാത്രം കിട്ടില്ല. സഭ സമ്മേളിക്കുന്ന ദിവസം ഹാജര്‍ പട്ടികയില്‍ ഒപ്പിട്ടാല്‍ സഭ പിരിയുന്നത് വരെ അവിടെ ഇരിക്കണം എന്നില്ല. തോന്നുമ്പോള്‍ ഇറങ്ങി പോകാം. സിറ്റിംഗ്ഫീസ് ഉറപ്പ്. സഭയില്‍ ഇരുന്ന് ഉറങ്ങിപ്പോയാലും അത് കിട്ടും. കൂര്‍ക്കംവലി ഉറക്കെ ആയാല്‍ സ്പീക്കറുടെ ശ്രദ്ധയില്‍പ്പെടും, എന്തെങ്കിലും പറയും, അംഗങ്ങള്‍ ചിരിക്കും അത്രതന്നെ.
അംഗങ്ങള്‍ സഭയുടെ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു എന്ന് പത്രവാര്‍ത്തകളില്‍ കാണാറുണ്ട്. ബഹളക്കളം എന്നാണ് ഉചിതമായ പേര്. തന്റെ പാര്‍ട്ടിയിലെ ഒരു അംഗത്തിന്റെ ചോദ്യത്തിന് മന്ത്രി മറുപടി പറഞ്ഞില്ല എന്ന് കുറ്റപ്പെടുത്തി ബഹളം കൂട്ടും. സ്വന്തം മുന്നണിക്കാരും ഒപ്പം ചേരും. മറുവശം എതിര്‍ക്കും. ബഹളം കൂട്ടിക്കൊണ്ടുതന്നെ. സ്പീക്കര്‍ സഭ നിര്‍ത്തിവെക്കും. എന്നാലും അംഗങ്ങള്‍ക്ക് നഷ്ടമില്ല. സിറ്റിംഗ്ഫീസ് വെട്ടിക്കുറക്കില്ല.
സ്വന്തം ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സ്വയം നിശ്ചയിക്കാന്‍ അവകാശമുള്ള ഒരേയൊരു വര്‍ഗ്ഗം സാമാജികന്മാര്‍ എംഎല്‍എമാരും എംപിമാരും ആനുകൂല്യം വര്‍ധിപ്പിക്കണം എന്ന ഒരു പ്രമേയം ഒരു മെമ്പര്‍ അവതരിപ്പിക്കുകയേ വേണ്ടു, സ്പീക്കര്‍ അംഗങ്ങളുടെ അഭിപ്രായം ആരായും എല്ലാവര്‍ക്കും പക്ഷഭേദമന്യേ പൂര്‍ണ്ണസമ്മതം. പ്രമേയത്തിന് അംഗീകാരം പ്രാബല്യത്തില്‍ വന്നു
28.8.2010ന്റെ പത്രവാര്‍ത്ത: എംപിമാരുടെ ശമ്പളം വര്‍ധിപ്പിച്ചു. പ്രതിമാസം 16000 രൂപ ഉണ്ടായിരുന്നത് അമ്പതിനായിരം രൂപയാക്കി വര്‍ദ്ധിപ്പിച്ചു. മൂന്നിരട്ടിയിലധികമാക്കി. മണ്ഡലം അലവന്‍സ് ആയിരത്തില്‍ നിന്ന് രണ്ടായിരമാക്കി. വാഹനം വാങ്ങാന്‍ വായ്പ ഒരു ലക്ഷം ഉണ്ടായിരുന്നത് നാലു ലക്ഷമാക്കി, അതായത് നാലുമടങ്ങാക്കി. ഇങ്ങനെ എന്തും. ഇഷ്ടപ്പടി കൂട്ടിയെടുക്കാന്‍ അധികാരം.
എന്നിട്ടാണ് നിത്യോപയോഗ സാധനങ്ങളുടെ വില കൂട്ടുന്നത് കാരണം ജീവിത ചെലവ് വര്‍ദ്ധിക്കുമ്പോള്‍ അതിനനുസരിച്ച് ക്ഷാമബത്ത വര്‍ധിപ്പിക്കണമെന്ന് സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ആവശ്യപ്പെടുമ്പോള്‍ സാമ്പത്തിക പ്രതിസന്ധി വാദം ഉന്നയിച്ച് തിരസ്‌കരിക്കുന്നത്. മന്ത്രിമാര്‍ പൊതു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. അതിന് കള്ളക്കണക്കു പറയുന്നു. ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ശമ്പളവും ക്ഷാമബത്തയും വര്‍ധിപ്പിക്കുന്നത് കാരണമാണ് സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുന്നത് എന്ന്.
ഭരണഘടനയിലെ 21-ാം അനുച്ഛേദം: ഓരോ പൗരനും ജീവിക്കാനുള്ള അവകാശമുണ്ട്: അന്തസോടെ, ആത്മാഭിമാനത്തോടെ, ആരോഗ്യത്തോടെ ജീവിക്കാനുള്ള അവകാശം. അതിനുള്ള സാഹചര്യം സംജാതമാക്കേണ്ടത് സര്‍ക്കാര്‍.
ഭരണാധികാരികളെന്ന് അവകാശപ്പെടുന്നവര്‍ ഒരിക്കലും മറക്കാന്‍ പാടില്ലാത്ത കാര്യം: ഓര്‍ത്താല്‍ മാത്രം പോരാ, ആദ്യം ഓര്‍ക്കേണ്ടത് സാമ്പത്തിക പ്രതിസന്ധി-
സ്വയംകൃതാനര്‍ത്ഥം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page