കണ്ണുർ: സലാലയിൽ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിനിയായ യുവതി മരിച്ചു. താഴെചൊവ്വ ഇളയാവൂർ സീബ് മൻസിലിൽ മുഹമ്മദ് ഷാനിദിന്റെ ഭാര്യ ഫാത്തിമത്ത് ഷാന(24)യാണ് മരിച്ചത്. ഭർത്താവ് മുഹമ്മദ് ഷാനിദിനെയും (31) കൂടെ യാത്ര ചെയ്ത മുഹമ്മദ് അനസ് പൂളക്കലിനെയും (26) പരിക്കുകളോടെ സലാലയിലെ സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച വൈകീട്ടാണ് അപകടം. ഹൈമയിൽ സൈൻ ബോർഡ് ജോലി കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെ കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നെന്നാണ് വിവരം. മസ്കത്തിലെ സീബിൽ ഫാൽക്കൺ ഗ്രാഫിക്സ്’ എന്ന സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരാണ് മുഹമ്മദ് ഷാനിദും മുഹമ്മദ് അനസും. അടുത്തിടെയാണ് ഫാത്തിമത്ത് ഷാന വിസിറ്റ് വിസയിൽ ഒമാനിലെത്തിയത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.








