പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ, പോത്തുണ്ടി ഇരട്ടക്കൊലക്കേസില്‍ പ്രതിയായ ചെന്താമരയ്ക്ക് തൂക്കു കയർ. അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസാണെന്ന നിരീക്ഷണത്തോടെയാണ് പാലക്കാട് അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. 20 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണമെന്നും കോടതി വിധി പ്രസ്താവനയിൽ പറഞ്ഞു.അയല്‍വാസികളായ സുധാകരന്‍, അദ്ദേഹത്തിന്റെ മാതാവ് ലക്ഷ്മി എന്നിവരെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. 2025 ജനുവരി 27ന് ആണ് നെന്മാറയില്‍ ഇരട്ടക്കൊലപാതകം നടന്നത്. 2019ല്‍ സുധാകരന്റെ ഭാര്യ സജിതയെ ചെന്താമര കഴുത്തറുത്തു കൊലപ്പെടുത്തിയിരുന്നു. പ്രസ്തുത കേസില്‍ ജാമ്യത്തിലിറങ്ങിയ സമയത്താണ് സുധാകരനെയും മാതാവിനെയും വെട്ടിക്കൊലപ്പെടുത്തിയത്.
തന്റെ ഭാര്യ പിണങ്ങിപ്പോകാന്‍ കാരണം അയല്‍വാസികളായ സജിതയും പുഷ്പയുമാണെന്നായിരുന്നു ചെന്താമരയുടെ വിശ്വാസം. ഇരുവരും ചേര്‍ന്ന് കൂടോത്രം നടത്തിയതാണ് ഭാര്യ തന്നില്‍ നിന്നു അകലാന്‍ കാരണമെന്നും ഇയാള്‍ കരുതിയിരുന്നു. ഇതിന്റെ പേരിലാണ് സജിതയെ കൊലപ്പെടുത്തിയത്.








