ഓട്ടോയില്‍ യാത്രക്കാരെയും അവരുടെ ലഗേജും മാത്രമേ കയറ്റാവൂ; ഗുഡ്സ് വണ്ടിയാക്കിയാല്‍ ലൈസന്‍സും പെര്‍മിറ്റും പോകും

പത്തനംതിട്ട: ഓട്ടോറിക്ഷയില്‍ യാത്രക്കാരും അവരുടെ ലഗേജും മതിയെന്ന് മോട്ടര്‍വാഹന വകുപ്പ്. പസഞ്ചര്‍ ഓട്ടോയെ ഗുഡ്സ് വണ്ടിയാക്കിയാല്‍ ലൈസന്‍സും പെര്‍മിറ്റും പോകുമെന്നും മുന്നറിയിപ്പ്. ഓട്ടോകളില്‍ ചരക്കുകള്‍ കയറ്റുന്നതായുള്ള പരാതി കൂടിയതോടെയാണ് ആര്‍.ടി.ഒ.മാര്‍ക്ക് കര്‍ശനനിര്‍ദേശം നല്‍കിയത്. കേരള മോട്ടോര്‍വാഹന ചട്ടം 154(5) പ്രകാരം പാസഞ്ചര്‍ ഓട്ടോകളില്‍ യാത്രക്കാരുടെ വ്യക്തിപരമായ ലഗേജുകള്‍ മാത്രമേ കൊണ്ടുപോകാന്‍ അനുവദിക്കുകയുള്ളൂ. മലഞ്ചരക്കുകള്‍ ഇനി ഓട്ടോയില്‍ കൊണ്ടുപോകാന്‍ സാധിക്കില്ല. അതേസമയം യാത്രക്കാര്‍ക്ക് അവരുടെ സാധനങ്ങള്‍ ഓട്ടോയില്‍ ഒപ്പം കൊണ്ടുപോകുന്നതിന് തടസമില്ല. ഡ്രൈവര്‍ ഉള്‍പ്പെടെ നാലുപേരെയാണ് യാത്രയ്ക്ക് അനുവദിച്ചിരിക്കുന്നത്.
പല ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളും സാധനങ്ങളെത്തിക്കാന്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരെ ചുമതലപ്പെടുത്തുന്നുണ്ട്. നിയമം ലംഘിച്ചാല്‍ ഡ്രൈവിങ് ലൈസന്‍സും പെര്‍മിറ്റുംവരെ റദ്ദാക്കാനുള്ള സാധ്യതയ്ക്ക് വഴിയൊരുങ്ങും. ഇ-ചലാന്‍ വന്നതോടെ കൂടുതല്‍ പിഴ ഈടാക്കുന്നതില്‍നിന്ന് രക്ഷപ്പെടാന്‍ കഴിയുകയുമില്ല. മിനിമം പിഴ ആദ്യതവണ മൂവായിരമെങ്കില്‍ രണ്ടാംതവണ 7500 രൂപയാകും. എന്നാല്‍, സാധനങ്ങള്‍ കയറ്റിക്കൊണ്ടുപോകുന്ന ഓട്ടോകളെ കണ്ടെത്തിയാല്‍ ആദ്യതവണതന്നെ പതിനായിരം രൂപ പിഴ അടയ്ക്കാന്‍ മോട്ടോര്‍വാഹന നിയമം പറയുന്നു. ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍മാരുടെ പരാതികള്‍ വര്‍ധിച്ചതോടെയാണ് നിയമം കര്‍ശനമാക്കാന്‍ ഗതാഗതവകുപ്പ് ഒരുങ്ങുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page