കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ അഞ്ചാമനും അറസ്റ്റില്‍. പാക്കം, ചെര്‍ക്കാപ്പാറ, അഞ്ചില്ലത്ത് വീട്ടില്‍ എ ജി ഷാഹിദി (35)നെയാണ് ബേക്കല്‍ പൊലീസ് അറസ്റ്റു ചെയ്തത്. ഇയാളെ കോടതി രണ്ടാഴ്ചത്തേയ്ക്ക് റിമാന്റു ചെയ്തു. ഇതോടെ ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നതിന് ബേക്കല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത അഞ്ചു കേസുകളിലെയും പ്രതികള്‍ അറസ്റ്റിലായി. 16 കാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. കോട്ടിക്കുളം, റെയില്‍വെ സ്‌റ്റേഷനു സമീപത്തെ സാലി എന്ന മുഹമ്മദ് സാലിഹ് (29), പെരുമ്പള, കോളിയടുക്കത്തെ ഷെരീഫ് കടപ്പളം (40), മൈലാട്ടി, കൂട്ടപ്പുന്ന, കുറുക്കന്‍കുന്ന് സ്വദേശിയും തച്ചങ്ങാട് അറബിപ്പള്ളിക്കു സമീപത്തു താമസക്കാരനുമായ എ ടി മുഹമ്മദ് നൗഷാദ് (39) എന്നിവരും 16 കാരനുമാണ് നേരത്തെ പിടിയിലായത്.
ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ ഷാഹിദ് നിരവധി തവണ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഇതാണ് ഇയാളെ തിരിച്ചറിയുന്നതിനു സഹായകമായത്. ചൈല്‍ഡ് അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് ബേക്കല്‍ പൊലീസ് അഞ്ചു പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.







