ആധി വ്യാധികളെ ആട്ടിപ്പായിക്കാൻ കർക്കിടക തെയ്യങ്ങൾ വരവായി…

കാസർകോട്: സന്തോഷത്തിന്റെയും സംതൃപ്തിയുടെയും തിരുവോണത്തെ വരവേൽക്കുന്നതിനും കർക്കിടകത്തിലെ ആധി വ്യാധികളിൽ നിന്ന് നാടിനെ സംരക്ഷിക്കാനും കർക്കിടക തെയ്യങ്ങൾ ഒരുങ്ങുന്നു. കാലവർഷത്തിന്റെയും , പരിസ്ഥിതി – ആരോഗ്യ പ്രശ്നങ്ങളുടെയും, ദുഷ്ട ശക്തികളുടെയും ദുഷ്ടാത്മാക്കളുടെയും, ദുഷിച്ച ചിന്തകളുടെയും, പട്ടിണിയുടെയും പരിവട്ടത്തിന്റെയും കാലമായ കർക്കിടകത്തിൽ നാടിന് നന്മ വരുത്തുന്നതിന് കർക്കിടക തെയ്യങ്ങൾ വീട് കയറി ഇറങ്ങും. എല്ലാ ദുഷ്ടതകളെയും ആധിവ്യാധികളെയും ആട്ടിപ്പായിക്കും. കർക്കിടകം 10 മുതലാണ് കർക്കിടകത്തെയ്യങ്ങൾ കൂടുതലായി രംഗത്തുവരുന്നത്. ദൃഷ്ടാത്മാക്കളെയും ദുർവ്യാധികളെയും ആട്ടിപ്പായിച്ചു നാട്ടിലും കുടുംബങ്ങളിലും സമാധാനവും ഐശ്വര്യവും തെയ്യങ്ങൾ പുന സ്ഥാപിക്കും. ഇത് കാസർകോട്, കണ്ണൂർ ജില്ലകളുടെ വിശ്വാസമാണ്. തലമുറകളായി അടിയുറച്ച വിശ്വാസം. കുട്ടികളാണ് കർക്കിടക തെയ്യം കെട്ടുന്നത്. കൈമണികൾ കിലുക്കി, അസുരവാദ്യത്തിന്റെ താളത്തിനൊത്ത് വീടുകളിലെത്തി ചുവടുകൾ വച്ച് ആധിവ്യാധികളെ ആട്ടിപ്പായിക്കുന്ന കർക്കിടകത്തെയ്യങ്ങളെ വീട്ടുകാർ ഭദ്രദീപം ഉഴിയും. അരിയും പച്ചക്കറികളും സമർപ്പിക്കും. കാണിക്ക നൽകും. നല്ലതു വരാൻ ഉരു വിട്ട് തെയ്യം അടുത്ത വീട്ടിലേക്ക് പ്രയാണം തുടരും. ഗളിഞ്ചൻ, ആദിവേടൻ, വേടത്തി എന്നീ പേരുകളിലും കർക്കിടകത്തെയ്യങ്ങൾ പ്രത്യക്ഷപ്പെടാറുണ്ട്. എങ്കിലും കുട്ടികൾ കെട്ടിയാടുന്ന കർക്കിടക തെയ്യങ്ങൾക്കാണ് പ്രചാരം. കർക്കിടകത്തെ യ്യങ്ങൾ നാടിന്റെ ഐശ്വര്യമാണെന്നു പൊതുവേ വിശ്വസിക്കുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page