കാസര്‍കോട്: ട്രെയിന്‍ യാത്രക്കിടെ നഷ്ടപ്പെട്ടുവെന്ന് കരുതിയ പണവും ബാഗും തിരിച്ചുകിട്ടിയ ആശ്വാസത്തിലാണ് തളങ്കര ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഹെഡ് മിസ്ട്രസ് ബിന്ദു. അബദ്ധത്തില്‍ റെയില്‍വേ സ്റ്റേഷനില്‍ മറന്നുപോയ 63,000 രൂപയും ബാഗും അധ്യാപികയെ തിരികെ ഏല്‍പിച്ച് റെയില്‍വേ ക്ലീനിങ് ജീവനക്കാരി സജിനി മാതൃകയായി. കഴിഞ്ഞ ആഗസ്ത് 15 ന് രാവിലെ 11 മണിയോടെയാണ് അധ്യാപിക പണവും ബാഗും റെയില്‍വേ സ്റ്റേഷനില്‍ മറന്നുവച്ചത്. ട്രെയിനില്‍ കയറിയപ്പോഴാണ് അധ്യാപികയ്ക്ക് പണമടങ്ങിയ ബാഗ് നഷ്ടപ്പെട്ടവിവരം ശ്രദ്ധയില്‍പെട്ടത്. സ്റ്റേഷനിലെ താല്‍ക്കാലിക ക്ലീനിങ് സ്റ്റാഫായ സജിനിയ്ക്ക് ബാഗ് കിട്ടി. അപ്പോള്‍ തന്നെ അവര്‍ ആര്‍പിഎഫിനെ ഏല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ തളങ്കരയിലെ അധ്യാപികയുടേതാണെന്ന് കണ്ടെത്തി. തുടര്‍ന്ന് ചൊവ്വാഴ്ച അവരെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി പണമടങ്ങിയ ബാഗ് തിരികെ നല്‍കി. റെയില്‍വേ യാത്രക്കാരുടെ സുരക്ഷയും അവരുടെ സ്വത്തുക്കളുടെ സംരക്ഷണവും ഉറപ്പാക്കുന്നതില്‍ സജിനിയും ആര്‍പിഎഫും കാഴ്ചവെച്ച ഈ പ്രവര്‍ത്തനം സത്യസന്ധതയുടെയും സേവന മനോഭാവത്തിന്റെയും ഉത്തമ മാതൃകയാണ്. സജിനിയുടെ സത്യസന്ധതയെ യാത്രക്കാര്‍ അഭിനന്ദിച്ചു.







