കാസര്‍കോട്: ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നാര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് മയിലാട്ടി ചൗക്കിയില്‍ നടത്തിയ റെയ്ഡില്‍ ഹോട്ടലില്‍ നിന്ന് 17 ലിറ്റര്‍ കര്‍ണാടക മദ്യം പിടികൂടി. ഹോട്ടലില്‍ സമാന്തര ബാര്‍ നടത്തിയ ഉടമ എ അമൃതേശ്വര പിടിയിലായി. രഹസ്യ വിവരത്തെ തുടര്‍ന്ന് അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി.കെ.വി സുരേഷും സംഘവും നടത്തിയ പരിശോധനയില്‍ ഹോട്ടലില്‍ നിന്ന് 180 മില്ലി ലിറ്ററിന്റെ 64 ടെട്രാ പാക്കറ്റ് കര്‍ണാടക മദ്യവും 180 മില്ലിലിറ്ററിന്റെ 32 കുപ്പി മധ്യപ്രദേശ് മദ്യവും പിടികൂടി. മദ്യം വിറ്റ വകയില്‍ ലഭിച്ച 3,050 രൂപ തൊണ്ടി മണിയായും കസ്റ്റഡിയിലെടുത്തു. പ്രതിയെ വൈദ്യ പരിശോധന നടത്തി. കേസ് രേഖകളും തൊണ്ടി സാധനങ്ങളും പ്രതിയെയും തുടര്‍ നടപടികള്‍ക്കായി ഹോസ്ദുര്‍ഗ് എക്‌സൈസ് റേഞ്ച് ഓഫീസില്‍ ഹാജരാക്കി. ഇയാള്‍ നേരത്തെയും അബ്കാരി കേസില്‍ പ്രതിയാണ്. പ്രിവന്റീവ് ഓഫീസര്‍ എം എം പ്രസാദ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ പ്രശാന്ത് കുമാര്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ വി ശാലിനി, ഐബി ഗ്രേഡ് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എംവി സുധീന്ദ്രന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ ശ്രീജേഷ് എന്നിവരും പരിശോധക സംഘത്തില്‍ ഉണ്ടായിരുന്നു.







