മൊബൈലും മൈക്കുമായി നടക്കുന്നവരെ മാധ്യമപ്രവർത്തകരായി കണക്കാക്കാനാകില്ല; ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: ഓൺലൈൻ മാധ്യമപ്രവർത്തകരെ രൂക്ഷമായി വിമർശിച്ച് ഡൽഹി ഹൈക്കോടതി. മാധ്യമങ്ങൾക്ക് നിയമം വേണമെന്നും മൈക്കും മൊബൈൽ ഫോണുമായി നടക്കുന്നവരെയെല്ലാം മാധ്യമപ്രവർത്തകരായി കണക്കാക്കാനാകില്ലെന്നും ഹൈക്കോടതി പറഞ്ഞു. കാര്യങ്ങൾ പൂർണമായി മനസ്സിലാക്കാതെയുള്ള വാർത്തകളും വസ്തുതാവിരുദ്ധമായ ആരോപണങ്ങൾ പ്രചരിപ്പിക്കുന്നതും സമൂഹത്തിൽ വലിയ ഭിന്നതകൾക്കും വർഗീയ സംഘർഷങ്ങൾക്കും കാരണമായേക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി. മാധ്യമസ്വാതന്ത്ര്യം ഉപയോഗിച്ച് നിരുത്തരവാദപരമായ മാധ്യമപ്രവർത്തനത്തിനോ പൊതുസമാധാനത്തിന് ഭീഷണിയാകുന്ന ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് ഹൈക്കോടതി എടുത്തുപറഞ്ഞു. ഡൽഹിയിലെ സീമാപുരി പ്രദേശത്ത് അനധികൃതമായി നിർമിച്ചുവെന്ന് ആരോപിച്ച് ആരാധനാലയത്തെ കുറിച്ച് വിഡിയോ ചിത്രീകരിക്കുന്നതിനിടെ രണ്ട് യുട്യൂബർമാർക്കെതിരെ ആൾക്കൂട്ടാക്രമണം ഉണ്ടായ കേസിൽ പ്രതികൾക്ക് ജാമ്യം അനുവദിച്ചുകൊണ്ടാണ് കോടതിയുടെ നിരീക്ഷണം. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ മൊബൈൽ ഫോണും മൈക്രോഫോണും ഉള്ള ഏതൊരാൾക്കും സ്വയം റിപ്പോർട്ടറായി അവതരിപ്പിക്കാൻ കഴിയുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
ജനാധിപത്യത്തിന്റെ അടിസ്ഥാന സ്തംഭങ്ങളിലൊന്നാണ് മാധ്യമസ്വാതന്ത്ര്യം. മൊബൈലും മൈക്കുമായി നടക്കുന്നവർക്ക് പരിശീലനമോ ധാർമിക ബോധമോ ഉത്തരവാദിത്തമോ ഉണ്ടാകാറില്ല. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഡിജിറ്റൽ മീഡിയ രംഗത്തിന് അനുയോജ്യമായ ഒരു നിയന്ത്രണ ചട്ടക്കൂട് നിയമസഭ പരിഗണിക്കേണ്ടതിന്റെ ആവശ്യകത കോടതി ഊന്നിപ്പറഞ്ഞു. ജൂലൈ 16-ന് പുറപ്പെടുവിച്ച ഒമ്പത് പേജുള്ള ഉത്തരവിലാണ് ജസ്റ്റിസ് ഗിരീഷ് കത്‌പാലിയ ഓൺലൈൻ മാധ്യമങ്ങളെക്കുറിച്ച് നിരീക്ഷണങ്ങൾ നടത്തിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page