പനിച്ച് വിറച്ച് രോഗികൾ: കുമ്പള സർക്കാർ ആരോഗ്യകേന്ദ്രത്തിൽ ഒ പി സമയം വെട്ടിക്കുറച്ചു, ഇടപെടൽ ആവശ്യപ്പെട്ട് മന്ത്രിക്ക് പരാതി

കുമ്പള: പനിയും കാലാവസ്ഥ അനുബന്ധ രോഗങ്ങളും കൊണ്ട് രോഗികൾ ഏറെ പ്രയാസപ്പെടുമ്പോൾ ജില്ലയിലെ കുമ്പള ഗ്രാമപഞ്ചായത്തിലെ ബ്ലോക്ക് ഫാമിലി ഹെൽത്ത് സെന്ററിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ ഉണ്ടായിരുന്ന ഒ പി സമയം യാതൊരു മുന്നറിയിപ്പുമില്ലാതെ വെട്ടിക്കുറച്ചു.രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണിവരെയാണ് പുതിയ സമയ ക്രമം. ചികിത്സ തേടിയെത്തുന്ന സാധാരണക്കാരായ രോഗികൾക്ക് ഇത് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി ജില്ലയുടെ ചുമതല വഹിക്കുന്ന മന്ത്രി കെഎം ഷാജിക്ക് മൊഗ്രാൽ ദേശീയവേദി നിവേദനം നൽകി.

കുമ്പള ഗ്രാമപഞ്ചായത്ത് പരിധിയിലെ ഏക സർക്കാർ സ്ഥാപനമാണ് ബ്ലോക്ക് ഫാമിലി ഹെൽത്ത് സെന്റർ.നേരത്തെ ഇത് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററായിരുന്നു. മത്സ്യത്തൊഴിലാളികളും,കർഷകരും, വിദ്യാർത്ഥികളുമൊക്കെയാണ് സർക്കാറിന്റെ ഈ ആരോഗ്യ കേന്ദ്രത്തെ ചികിത്സയ്ക്കായി ആശ്രയിക്കുന്നത്. ദിവസേന മുന്നൂറിൽപരം രോഗികൾ ഇവിടെ എത്തുന്നുണ്ട്.സമയം വെട്ടി കുറച്ചതുമൂലം രോഗികൾ ചികിത്സ കിട്ടാതെ തിരിച്ചു പോകേണ്ട അവസ്ഥയുണ്ടെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. കാസർകോട് ബ്ലോക്ക് പഞ്ചായത്തിനാണ് ആശുപത്രിയുടെ ഭരണ ചുമതല.

വെട്ടിക്കുറച്ച സമയം പുന:സ്ഥാപിക്കാനും, ആശുപത്രിയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ വേഗത്തിലാക്കാനും ജില്ലയുടെ മന്ത്രി എന്ന നിലയിൽ ഇടപെടൽ നടത്തി നടപടി സ്വീകരിക്കണമെന്നും നിവേദനം ആവശ്യപ്പെട്ടു.

പ്രസിഡണ്ട് സിദ്ദീഖ് റഹ്മാൻ,ജനറൽ സെക്രട്ടറി പി എം മുഹമ്മദ് കുഞ്ഞി,വൈസ് പ്രസിഡണ്ട്‌ മുഹമ്മദ്,എം മാഹിൻ മാസ്റ്റർ,ടി കെ ജാഫർ, അഷ്‌റഫ്‌ പെർവാഡ് എന്നിവരാണ് മന്ത്രിക്ക് നിവേദനം നൽകിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page