ന്യൂഡല്‍ഹി: നാലുവര്‍ഷത്തിന് ശേഷം കൊവിഡ് ഭീതിയില്‍ രാജ്യം. ആന്ധ്രപ്രദേശില്‍ വീണ്ടും കൊവിഡ് മരണങ്ങളും പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. ആന്ധ്രയില്‍ മൂന്ന് ആഴ്ചയ്ക്കിടെ നാല് കൊവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. നിരവധി പോസിറ്റീവ് കേസുകള്‍ കണ്ടെത്തിയതും സംസ്ഥാനത്തെ ആരോഗ്യ സംവിധാനങ്ങളെ അതീവ ജാഗ്രതയിലാക്കിയിരിക്കുന്നു.
ജൂണ്‍ 26 നും ജൂലൈ 16 നും ഇടയില്‍ വിവിധ ജില്ലകളില്‍ നിന്നായി 12 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മരിച്ചവരില്‍ മൂന്ന് പേര്‍ റായലസീമയിലെ കടപ്പയില്‍ നിന്നുള്ളവരും നാലാമത്തെ രോഗി തീരദേശ ആന്ധ്രാപ്രദേശിലെ കാക്കിനടയില്‍ സ്വദേശിയുമാണ്. മരിച്ച നാലുപേര്‍ക്കും പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, വൃക്കരോഗം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സെക്രട്ടറി ജി. വീരപാണ്ഡ്യന്‍ പറഞ്ഞു. വൈറസ് വകഭേദത്തിന്റെ തിരിച്ചറിയുന്നതിനു വേണ്ടി രോഗികളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചിട്ടുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ കേരളത്തിലാണ്. 115 കേസുകള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കര്‍ണാടകയില്‍ 64, മഹാരാഷ്ട്രയില്‍ 43, തമിഴ് നാട്ടില്‍ 39, ഡല്‍ഹിയില്‍ 18, രാജസ്ഥാനില്‍ 12 കേസുകളും റിപ്പോര്‍ട്ടുചെയ്തു. രാജ്യത്ത് ജുലൈ ഒന്നിന് ശേഷം 339 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇന്ത്യയടക്കം 24 രാജ്യങ്ങളില്‍ കൊവിഡിന്റെ സിക്കാഡ വകഭേദം കണ്ടെത്തിയിട്ടുണ്ട്.








