കാസര്‍കോട്: ചക്ക പറിക്കുന്നതിനിടയില്‍ പ്ലാവിന്റെ ശിഖിരം പൊട്ടിവീണു. ഗുരുതരമായി പരിക്കേറ്റ സ്വകാര്യ ബസ്‌ഡ്രൈവര്‍ മരിച്ചു. മംഗ്‌ളൂരു, കുലശേഖര, കക്കെബെട്ടുവിലെ പരേതനായ കൃഷ്ണനായിക്-ഉഷ ദമ്പതികളുടെ മകന്‍ അവിനാഷ് നായിക് (32) ആണ് മരിച്ചത്.
ജൂണ്‍ 14ന് ആണ് അപകടം ഉണ്ടായത്. വൊര്‍ക്കാടി, നീരോളിഗയിലെ ഭാര്യാ വീട്ടില്‍ എത്തിയതായിരുന്നു അവിനാഷ് നായക്. വീട്ടുമുറ്റത്തെ പ്ലാവില്‍ കയറി ചക്ക പറിക്കുന്നതിനിടയില്‍ ഇരുന്നിരുന്ന ശിഖിരം പൊട്ടി താഴേക്ക് വീഴുകയായിരുന്നു. വീഴ്ചയില്‍ നട്ടെല്ലിനു ഗുരുതരമായി പരിക്കേറ്റ് ദേര്‍ളക്കട്ടയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടയില്‍ കഴിഞ്ഞ ദിവസമാണ് മരണം സംഭവിച്ചത്. ഇത് സംബന്ധിച്ച് മഞ്ചേശ്വരം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.
ഭാര്യ: പവിത്ര. നാലുമാസം പ്രായമുള്ള പ്രത്യു ഏകമകനാണ്. സഹോദരന്‍ കിരണ്‍.







