ന്യൂഡൽഹി: 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ട് മമ്മൂട്ടിയും കാര്‍ത്തിക് ആര്യനും. ഭ്രമയുഗം എന്ന സിനിമയിലെ അഭിനയത്തിനാണ് മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടിക്ക് ലഭിച്ചത്. മമ്മൂട്ടിക്ക് നാലാം തവണയാണ് ദേശീയ അവാർഡ് ലഭിക്കുന്നത്. ചന്ദു ചാമ്പ്യൻ എന്ന സിനിമയ്ക്കാണ് കാർത്തിക്കിന് പുരസ്കാരം. ആർട്ടിക്കിൾ 370 എന്ന ചിത്രമാണ് യാമി ഗൗതമിനെ മികച്ച നടിയാക്കിയത്.
മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമ സ്വന്തമാക്കി. മികച്ച ഗായികയായി വൈക്കം വിജയലക്ഷ്മിയെ തിരഞ്ഞെടുത്തു. എആർഎം എന്ന ചിത്രത്തിലെ ഗാനത്തിലൂടെയാണ് വിജയലക്ഷ്മി പുരസ്കാരം നേടിയത്. മികച്ച ഹിന്ദി സിനിമയ്ക്കുള്ള പുരസ്കാരം ശ്രീകാന്ത് സ്വന്തമാക്കി. ആനന്ദ് ജ്യോതി സംവിധാനം ചെയ്ത ഭദ്രകാളി നാടകത്തിന് നോൺ ഫീച്ചർ വിഭാഗത്തിൽ സ്പെഷ്യൽ ജൂറി മെൻഷൻ ലഭിച്ചു.
മികച്ച തമിഴ് ചിത്രം ധനുഷ് സംവിധാനം ചെയ്ത രായൻ സ്വന്തമാക്കി. 34 ഭാഷകളിൽ നിന്നും 400 സിനിമകളായിരുന്നു ഇത്തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന് വേണ്ടി മത്സരിച്ചിരുന്നത്. സംവിധായകൻ ജയരാജാണ് ജൂറി ചെയർമാൻ. ജയരാജ് ഉൾപ്പെടെ 11-അംഗ ജൂറി വിവിധ ഇന്ത്യൻ ഭാഷാ ചിത്രങ്ങളുടെ അവാർഡ് നിർണയം ഈ മാസം ആദ്യം പൂർത്തിയാക്കിയിരുന്നു. 2024-ൽ സെൻസർ ചെയ്ത ചിത്രങ്ങളാണ് പരിഗണിച്ചിരിക്കുന്നത്.








