പശ്ചിമേഷ്യൻ സംഘർഷവും യുഎസ്-ഇറാൻ ഭിന്നതയും .
യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ആക്രമണം../ ജോർദാനിൽ യുഎസ് സേനയുടെ എഫ്-18 യുദ്ധവിമാനങ്ങൾ നിർത്തിയിട്ട കേന്ദ്രത്തിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം ഉണ്ടായി. മേഖലയിലെ യുഎസ് സൈനിക സാന്നിധ്യത്തിനെതിരെ സൈനിക നടപടികൾ തുടരുമെന്ന് ഇറാൻ പ്രഖ്യാപിച്ചു.
യുഎസ് പ്രത്യാക്രമണം: ഇറാൻ കമാൻഡ് സെന്ററുകൾക്ക് നേരെ യുഎസ് വ്യോമാക്രമണം നടത്തി. ചർച്ചയ്ക്ക് തയ്യാറായില്ലെങ്കിൽ കനത്ത പ്രത്യാഘാതമുണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി.
ഹോർമുസ് കടലിടുക്കിലെ ആക്രമണം: ഹോർമുസ് കടലിടുക്കിൽ യുഎഇ ടാങ്കറുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെടുകയും എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹോർമുസ് കടലിടുക്കിലെ നിയന്ത്രണം വിട്ടുകൊടുക്കില്ലെന്ന് ഇറാൻ സൈന്യം ആവർത്തിച്ചു.
ചാരപ്പണിക്കേസിൽ തടവിലായിരുന്ന അമേരിക്കക്കാരിയെ ഇറാൻ മോചിപ്പിച്ചു: 2024 മുതൽ ഇറാനിൽ തടവിലായിരുന്ന യുഎസ് പൗര ദീന കരാരിയെ ഇറാൻ വിട്ടയച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ചർച്ചകൾക്കുള്ള സൗഹൃദ സൂചനയാണിതെന്ന് ട്രംപ് വ്യക്തമാക്കി.
വിസ, കുടിയേറ്റ ചട്ടങ്ങൾ കടുപ്പിച്ച് അമേരിക്ക .
വിദ്യാർത്ഥി വിസകളിൽ നിയന്ത്രണം. യുഎസിൽ വിദേശ വിദ്യാർത്ഥികളുടെ വിസ കാലാവധി പരമാവധി 4 വർഷമാക്കാൻ യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി തീരുമാനിച്ചു. ഇത് മെഡിക്കൽ, പിഎച്ച്ഡി ഗവേഷകരായ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് കനത്ത തിരിച്ചടിയാകും.
അനധികൃത തൊഴിലാളികളെ പിരിച്ചുവിടാൻ നിർദേശം. വർക്ക് പെർമിറ്റ് കാലാവധി കഴിഞ്ഞ വിദേശ തൊഴിലാളികളെ ഉടൻ പിരിച്ചുവിടാൻ യുഎസ് തൊഴിലുടമകൾക്ക് ഹോംലാൻഡ് സെക്യൂരിറ്റി കർശന നിർദേശം നൽകി.
മ്യാൻമറിൽ ബോട്ട് ദുരന്തം: മ്യാൻമറിൽ നിന്ന് 500-ലധികം റോഹിംഗ്യൻ അഭയാർത്ഥികളുമായി പുറപ്പെട്ട രണ്ട് ബോട്ടുകൾ മുങ്ങി വൻ ദുരന്തം സംഭവിച്ചതായി യുഎൻ ആശങ്ക രേഖപ്പെടുത്തി. ജൂൺ അവസാനവാരം നടന്ന സംഭവത്തിന്റെ കൃത്യമായ കണക്കുകൾ പുറത്തുവരുന്നതേയുള്ളൂ.
ബാങ്കോക്ക് പബ്ബിൽ വൻ തീപിടിത്തം: ബാങ്കോക്കിലെ പബ്ബിലുണ്ടായ വൻ തീപിടിത്തത്തിൽ 27 പേർ മരിക്കുകയും 60-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ന്യൂസിലൻഡിൽ ഭൂകമ്പം: ശക്തമായ ഭൂചലനത്തെ തുടർന്ന് ന്യൂസിലൻഡിൽ സുനാമി മുന്നറിയിപ്പ് നൽകി. ഇരുപതിനായിരത്തിലധികം ആളുകൾക്ക് ഭൂചലനം അനുഭവപ്പെട്ടു.
അർജന്റീന ഒന്നാം സ്ഥാനത്ത്: ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് അർജന്റീന ഫുട്ബോൾ ടീം വീണ്ടും കംബാക്ക് നടത്തി.
അമേരിക്കൻ നാണയത്തിൽ ട്രംപിന്റെ ചിത്രം: യുഎസിന്റെ 250-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഡൊണാൾഡ് ട്രംപിന്റെ ചിത്രം ആലേഖനം ചെയ്ത പുതിയ ഡോളർ നാണയം പുറത്തിറങ്ങുന്നു
നീറ്റ് യുജിപരീക്ഷാഫലം പുറത്തു വന്നു: മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യുജിയുടെ ഫൈനൽ ഫലം നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഫൈനൽ ഉത്തരസൂചികയിൽ 8 ബോണസ് മാർക്കുകൾ നൽകിയിട്ടുണ്ട്. ആകെ 11.21 ലക്ഷത്തോളം വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷയ്ക്ക് യോഗ്യത നേടിയത്. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ പാർലമെന്ററി പാനൽ അവലോകനം ചെയ്തുവരികയാണ്.
പുരി ജഗന്നാഥ രഥയാത്രയിൽ വൻ തിക്കും തിരക്കും: ഒഡീഷയിലെ പുരിയിൽ നടന്ന പ്രസിദ്ധമായ ജഗന്നാഥ രഥയാത്രയ്ക്കിടെയുണ്ടായ വൻ തിരക്കിൽപ്പെട്ട് നിരവധി ഭക്തർക്ക് പരിക്കേറ്റു. തിരക്കിൽപ്പെട്ട് രണ്ട് പേർ മരണപ്പെട്ടതായും ഇരുനൂറിലധികം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
മുംബൈയിൽ ക്രെയിൻ തകർന്നുവീണ് അപകടം: മഹാരാഷ്ട്രയിലെ മുംബൈയിൽ (താനെ മേഖലയിൽ) നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ 13-ാം നിലയിൽ നിന്ന് ക്രെയിൻ തകർന്നുവീണ് ഒരാൾ മരണപ്പെട്ടു. അപകടത്തിൽ നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
സിബിഎസ്ഇ ത്രിഭാഷാ പദ്ധതിയിൽ സുപ്രീം കോടതി ഇടപെടൽ: ഒൻപതാം ക്ലാസ് മുതൽ മൂന്ന് ഭാഷകൾ പഠിപ്പിക്കുന്ന സിബിഎസ്ഇയുടെ ത്രിഭാഷാ പദ്ധതി വിദ്യാർത്ഥികൾക്ക് വലിയ മാനസിക സമ്മർദ്ദമുണ്ടാക്കുമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഇത് ഒൻപതാം ക്ലാസിൽ തന്നെ നിർബന്ധിതമായി തുടങ്ങരുതെന്നും കോടതി വ്യക്തമാക്കി.
ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ: പരിസ്ഥിതി സൗഹൃദ ഇന്ധനമായ ഹൈഡ്രജൻ ഉപയോഗിച്ച് സർവീസ് നടത്തുന്ന ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ പ്രധാനമന്ത്രി ഉടൻ ഫ്ലാഗ് ഓഫ് ചെയ്യും. ഇതിനൊപ്പം വിവിധ സംസ്ഥാനങ്ങളിലെ വികസന പദ്ധതികളുടെ ഉദ്ഘാടനവും നടക്കും.
സോനം വാങ്ചുകിന് അടിയന്തര ചികിത്സ നൽകാൻ ഹർജി: ലഡാക്കിന്റെ പ്രത്യേക പദവിക്ക് വേണ്ടിയുള്ള നിരാഹാര സമരം തുടരുന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുകിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് അദ്ദേഹത്തിന് അടിയന്തര വൈദ്യസഹായം നൽകണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. സമരത്തെ തുടർന്ന് അദ്ദേഹത്തിന്റെ ശരീരഭാരം വലിയ തോതിൽ കുറഞ്ഞിട്ടുണ്ട്.
മതചടങ്ങുകളിൽ യൂണിഫോം ധരിച്ച് പൊലീസ് പങ്കെടുക്കരുത്: ഹൈക്കോടതി സ്റ്റേ.
മതചടങ്ങുകളിൽ പൊലീസ് ഉദ്യോഗസ്ഥർ ഔദ്യോഗിക യൂണിഫോം ധരിച്ച് പങ്കെടുക്കരുതെന്ന ഡിജിപിയുടെ സർക്കുലർ നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞു. സിംഗിൾ ബെഞ്ചിൻ്റെ ഈ ഉത്തരവ് താൽക്കാലിക ആശ്വാസമായി പോലീസ് ഉദ്യോഗസ്ഥർക്കിടയിൽ ചർച്ചയാകുന്നുണ്ട്.
കപ്പൽ നിർമാണ മേഖലയിലേക്ക് ടാറ്റാ ഗ്രൂപ്പ്
കേരളത്തിൽ കപ്പൽ നിർമാണ മേഖലയിൽ വലിയ നിക്ഷേപത്തിന് ടാറ്റാ ഗ്രൂപ്പ് താല്പര്യം പ്രകടിപ്പിച്ചു. ഏകദേശം 10,000 കോടി രൂപയുടെ നിക്ഷേപം നടത്താൻ അനുമതി തേടിക്കൊണ്ട് ടാറ്റാ ഗ്രൂപ്പ് സംസ്ഥാന സർക്കാരിനെ സമീപിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.
കെ.എസ്.ഇ.ബി അതിവേഗ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നു
ഇലക്ട്രിക് വാഹന ഉടമകൾക്ക് ആശ്വാസമേകുന്ന പദ്ധതിയുമായി കെ.എസ്.ഇ.ബി. വെറും 40 മിനിറ്റിൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ സാധിക്കുന്ന നൂറുകണക്കിന് അതിവേഗ ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ ഉടൻ തന്നെ സംസ്ഥാനത്തുടനീളം തുറക്കാനൊരുങ്ങുകയാണ് അധികൃതർ.
പശ്ചിമേഷ്യൻ സംഘർഷം; വിമാന സർവീസുകളിൽ മാറ്റം
പശ്ചിമേഷ്യയിലെയും ഗൾഫ് മേഖലയിലെയും നിലവിലെ കടുത്ത സംഘർഷാവസ്ഥയെ തുടർന്ന് കൊച്ചിയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സമയക്രമത്തിലും സർവീസുകളിലും മാറ്റം വരുത്തിയിട്ടുണ്ട്. യാത്രാ തടസ്സങ്ങൾ ഒഴിവാക്കാൻ യാത്രക്കാർ എയർലൈനുമായി ബന്ധപ്പെടാൻ നിർദ്ദേശമുണ്ട്
സ്വർണ്ണവില: പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ആഗോള വിപണിയിലെ മാറ്റങ്ങൾക്കൊപ്പം കേരളത്തിലും സ്വർണ്ണവിലയിൽ ചെറിയ രീതിയിലുള്ള ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം: വൈദ്യുതി ഉപഭോഗം വർദ്ധിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ ചിലയിടങ്ങളിൽ ഇന്നും താൽക്കാലിക വൈദ്യുതി നിയന്ത്രണം ഉണ്ടായേക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കാസർകോട് ഗവൺമെന്റ് കോളേജിൽ റാഗിങ്ങുമായി ബന്ധപ്പെട്ട് വലിയ നടപടി. ജൂനിയർ വിദ്യാർത്ഥികളെ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവമേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ 13 വിദ്യാർത്ഥികളെ കോളേജിൽ നിന്നും സസ്പെൻഡ് ചെയ്തു.
നെല്ലിക്കുന്ന് കസബ ബീച്ചിൽ തലയില്ലാത്ത നിലയിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം മുൻപ് മറ്റെവിടെയോ പോസ്റ്റ്‌മോർട്ടം ചെയ്തതാണെന്ന് പോലീസ് കണ്ടെത്തി. ഇൻക്വസ്റ്റ് നടപടികൾക്കിടെ നെഞ്ചിലും വയറിലും കണ്ട അസാധാരണമായ തുന്നലുകളെ കുറിച്ച് കണ്ണൂർ മെഡിക്കൽ കോളേജിൽ നടത്തിയ വിശദമായ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
കടലിൽ മത്തി ചാകര; മടക്കരയിൽ നാടൻ വള്ളങ്ങൾക്ക് മികച്ച ലഭ്യത.
ട്രോളിംഗ് നിരോധനത്തിന് ശേഷം ആദ്യമായി മടക്കരയിൽ നാടൻ വള്ളങ്ങൾക്ക് ധാരാളമായി ചെമ്മീനും മത്തിയും ലഭിച്ചു. ആയിരത്തോളം ബോക്സ് മത്തിയാണ് ഇവിടെനിന്ന് വിവിധ മാർക്കറ്റുകളിലേക്ക് കൊണ്ടുപോയത്. ഒരു ബോക്സ് മത്തിക്ക് 3500 രൂപ മുതൽ 8000 രൂപ വരെ വില ലഭിച്ചു.
ദുരന്ത പ്രതിരോധ പ്രവർത്തനങ്ങൾക്കായി യുവാക്കളെ സജ്ജരാക്കുന്ന ‘യുവ ആപ്ദ മിത്ര’ പരിശീലന പരിപാടിക്ക് കാഞ്ഞങ്ങാട് തുടക്കമായി.
വിവിധ മേഖലകളിൽ നിന്നുള്ള എഴുപത്തഞ്ചോളം യുവജനങ്ങളാണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്.
ചാലിങ്കാൽ ടോൾ പ്ലാസക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ നാട്ടുകാർ.
ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് റോഡ് നിർമ്മാണം പൂർത്തിയാകുന്നതിന് മുൻപ് തന്നെ ചാലിങ്കാൽ ടോൾ പ്ലാസ തുറന്നു പ്രവർത്തിക്കാനുള്ള നീക്കത്തിനെതിരെ നാട്ടുകാരുടെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമാകുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാതെ ടോൾ പിരിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് ജനകീയ സമിതി.








