അമേരിക്കയിലെ അന്താരാഷ്ട്ര മന:ശാസ്ത്ര പുരസ്കാരം ഏറ്റുവാങ്ങി കാഞ്ഞങ്ങാട്ടെ സൈക്കോളജിസ്റ്റ് സുമേഷ് സുകുമാരൻ

കാസർകോട്: അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ അന്താരാഷ്ട്ര മന:ശാസ്ത്ര സംഘടനയായ അസോസിയേഷൻ ഫോർ ബിഹേവിയറൽ ആൻഡ് കോഗ്നിറ്റീവ് തെറാപ്പീസിന്റെ (എ.ബി.സി.ടി. – പെരുമാറ്റ, ചിന്താധിഷ്ഠിത ചികിത്സകൾക്കായുള്ള സംഘടന) 2026-ലെ മേരി ജെയ്ൻ ഐമർ വിദ്യാർഥി സ്കോളർഷിപ്പ് പുരസ്കാരം കാഞ്ഞങ്ങാട് സ്വദേശിയായ സൈക്കോളജിസ്റ്റും മന:ശാസ്ത്ര ഗവേഷകനുമായ സുമേഷ് സുകുമാരൻ ഏറ്റുവാങ്ങി.
അമേരിക്കയിലെ മേരിലാൻഡ് സംസ്ഥാനത്തെ ബാൾട്ടിമോറിൽ നടക്കുന്ന എ.ബി.സി.ടി.യുടെ അറുപതാമത് വാർഷിക അന്താരാഷ്ട്ര സമ്മേളനത്തോടനുബന്ധിച്ച് ഹിൽട്ടൺ ബാൾട്ടിമോർ ഇന്നർ ഹാർബറിൽ സംഘടിപ്പിച്ച ഔദ്യോഗിക ചടങ്ങിൽ സംഘടനയുടെ പ്രസിഡന്റ് ഡോ. കരോലിൻ ബെക്കറിൽനിന്നാണ് സുമേഷ് പുരസ്കാരം ഏറ്റുവാങ്ങിയത്. മന:ശാസ്ത്ര ഗവേഷണരംഗത്തെ വിദ്യാർഥികളുടെ അക്കാദമിക വളർച്ചയും അന്താരാഷ്ട്ര ഗവേഷണ പങ്കാളിത്തവും പ്രോത്സാഹിപ്പിക്കുന്നതിനായി ഏർപ്പെടുത്തിയതാണ് മേരി ജെയ്ൻ ഐമർ വിദ്യാർഥി സ്കോളർഷിപ്പ്. 2026-ൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി തിരഞ്ഞെടുക്കപ്പെട്ട 20 വിദ്യാർഥി ഗവേഷകരിൽ ഒരാളാണ് സുമേഷ്. കോളേജ് വിദ്യാർഥികളുടെ ദൈനംദിന പെരുമാറ്റരീതികൾ, ചിന്താപ്രക്രിയകൾ, കരിയർ തീരുമാനങ്ങൾ, ജീവിതസംതൃപ്തി എന്നിവയിൽ മന:ശാസ്ത്രാധിഷ്ഠിത കരിയർ കൗൺസലിങ് ഇടപെടലുകൾ സൃഷ്ടിക്കുന്ന മാറ്റങ്ങളെക്കുറിച്ചുള്ള പഠനമാണ് സമ്മേളനത്തിൽ അവതരിപ്പിച്ചത്. കാഞ്ഞങ്ങാട് ഉദയംകുന്ന് സ്വദേശിയാണ് സുമേഷ്.
ഉത്തർപ്രദേശിലെ മഥുരയിലുള്ള കൃഷ്ണ മോഹൻ സർവകലാശാലയിൽ മന:ശാസ്ത്രത്തിൽ പി.എച്ച്.ഡി. അവസാനവർഷ ഗവേഷകനായ സുമേഷ് ഒമ്പത് വർഷമായി മന:ശാസ്ത്ര കൺസൾട്ടേഷൻ രംഗത്ത് പ്രവർത്തിച്ചുവരുന്നു. നേരത്തെ സ്പെയിനിലെ ബാഴ്സലോണയിൽ നടന്ന അസോസിയേഷൻ ഫോർ സൈക്കോളജിക്കൽ സയൻസിന്റെ (എ.പി.എസ്.) അന്താരാഷ്ട്ര സമ്മേളനത്തിലും ഗവേഷണപ്രബന്ധം അവതരിപ്പിച്ചിട്ടുണ്ട്.
അണ്ണാമലൈ സർവകലാശാലയിൽനിന്നു സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും നാഷണൽ സർവീസ് സ്‌കീമിന്റെ ഫാമിലി കൗൺസിലിങ്ങിൽ റാങ്കോടെ ഡിപ്ലോമയും നേടിയ സുമേഷ് ജില്ലയിലെ കൺസൾട്ടിങ് സൈക്കോളജിസ്റ്റ് കൂടിയാണ്. ഉദയംകുന്നിലെ പി.സുകുമാരന്റെയും മുൻ ദിനേശ്ബീഡി തൊഴിലാളി എം.വി.കാർത്യായനിയുടെയും മകനാണ്. ഭാര്യ: സൗമ്യാ സെബാസ്റ്റ്യൻ. മകൻ: ലയാൻ കാർത്തികേയൻ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page