കാസര്‍കോട്: കണ്ണൂര്‍, ഇരിക്കൂര്‍, സിദ്ദീഖ് നഗറിലെ കുഞ്ഞാമിന (60)യെ അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി 10 വര്‍ഷത്തിനു ശേഷം അറസ്റ്റില്‍. ന്യൂദെല്‍ഹി സ്വദേശി അബ്ബാസ് അലി (31)യെ ആണ് കാസര്‍കോട്- കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ് പി കെ വി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അതിസമര്‍ത്ഥമായി ഡല്‍ഹി, പ്രേംനഗറില്‍ വച്ച് പിടികൂടിയത്. ഇന്ന് (ചൊവ്വ) പുലര്‍ച്ചെ കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിച്ച പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരുന്നു. അന്വേഷണ സംഘത്തില്‍ ഡിവൈ.എസ് പി. പി.നാരായണന്‍, ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരി, എസ് ഐ അബ്ദുല്‍ റൗഫ് എന്നിവരും ഉണ്ടായിരുന്നു.
2016 ഏപ്രില്‍ 30ന് ആണ് ഇരിക്കൂര്‍, സിദ്ദീഖ് നഗറിലെ പരേതനായ മൊയ്തീന്റെ ഭാര്യ കുഞ്ഞാമിന കൊല്ലപ്പെട്ടത്. അയല്‍പക്കത്തെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരായിരുന്നു അബ്ബാസ് അലിയും സഹോദരി സക്കീന ഫാത്തിമ (32)യും മാതാവ് പര്‍വീൺസാനു (55)വും.ന്യൂദെല്‍ഹി സ്വദേശികളാണ് ഇവര്‍. കൊലപാതകത്തിനു ശേഷം കുഞ്ഞാമിനയുടെ വീട്ടിൽ കവര്‍ച്ച നടത്തി കുടുംബം മുങ്ങുകയായിരുന്നു. ലോക്കല്‍ പൊലീസ് കേസ് അന്വേഷിച്ചുവെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. പിന്നീട് കേസ് ക്രൈംബ്രാഞ്ചിനു വിട്ടു. പി.ബാലകൃഷ്ണന്‍ നായര്‍ ക്രൈം ബ്രാഞ്ച് എസ് പി ആയിരിക്കെ പര്‍വീണ്‍ ബാനുവിനെയും മകള്‍ സക്കീന ഫാത്തിമയെയും 2026 മാര്‍
ച്ച് 14ന് അറസ്റ്റു ചെയ്തിരുന്നു. ഹൈദരാബാദിലെ ഒളിത്താവളത്തില്‍ വച്ചായിരുന്നു അറസ്റ്റ്. മാസങ്ങളോളം റിമാന്റില്‍ കഴിഞ്ഞ ഇരുവരെയും പള്ളിക്കര സ്വദേശികളായ രാജേന്ദ്രന്‍, ജലീല്‍ എന്നിവര്‍ ചേര്‍ന്നാണ് ജാമ്യത്തില്‍ ഇറക്കിയത്. പ്രതികളുമായുള്ള ബന്ധം എന്താണെന്നു കണ്ടെത്താന്‍ ഇരുവരെയും കസ്റ്റഡിയിലെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ ആലോചന.
തന്ത്രപരമായ നീക്കത്തിലൂടെയാണ് മുഖ്യപ്രതിയായ അബ്ബാസ് അലിയെ അന്വേഷണ സംഘം കുടുക്കിയത്. ഡല്‍ഹിയില്‍ ഒളിവില്‍ കഴിയുകയായിരുന്നു പ്രതി. ഇയാള്‍ വിവാഹിതനാണെങ്കിലും പൂജ എന്ന കാമുകിയുണ്ട്. കാമുകിക്കൊപ്പമാണ് പ്രതി പ്രേംനഗറില്‍ താമസിച്ചിരുന്നതെന്നു ക്രൈംബ്രാഞ്ച് അധികൃതര്‍ പറഞ്ഞു. ഇയാൾ ഫോൺ ഉപയോഗിക്കാറില്ല.
പൂജ നേരത്തെ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ സക്കീന ഭാനുവിനെ ഫോണില്‍ ബന്ധപ്പെടാറുണ്ടായിരുന്നു, ഇതു തുറുപ്പു ചീട്ടാക്കി നടത്തിയ അന്വേഷണത്തിനു ഒടുവിലാണ് അബ്ബാസ് അലി പിടിയിലായത്.







