ഇന്ന് കര്‍ക്കിടകം ഒന്ന്. ഹൈന്ദവ ഗൃഹങ്ങളില്‍ രാമായണ മാസത്തിന് തുടക്കം. ക്ഷേത്രങ്ങളും വീടുകളും ഇന്ന് മുതല്‍ അടുത്ത ഒരു മാസക്കാലം രാമ നാമങ്ങളാല്‍ മുഖരിതമാകും. തോരാ മഴ പെയ്യുന്ന മാസമാണ് കര്‍ക്കടകം. കൃഷി ഉപജീവനമായിരുന്ന മലയാളിക്ക് ഇത് കള്ള കര്‍ക്കടകവും പഞ്ഞ കര്‍ക്കടകവുമാണ്. ദുരിതവും ആരോഗ്യ പ്രശ്നങ്ങളും നേരിടുന്ന കര്‍ക്കടകത്തിന്റെ കാഠിന്യം രാമായണ പാരായണത്തിലൂടെ മറികടക്കാന്‍ കഴിയുമെന്നാണ് വിശ്വാസം. പൂര്‍വ്വികരെയും മണ്‍മറഞ്ഞ പിതൃക്കളെയും ഓര്‍മ്മിക്കാനായി കര്‍ക്കിടക വാവിന് പിതൃക്കള്‍ക്ക് ബലിദര്‍പ്പണവും നടത്തും. വടക്കന്‍ കേരളത്തിലെ കര്‍ക്കിട തെയ്യങ്ങളും മാരിത്തെയ്യങ്ങളും ഈമാസമാണ് അരങ്ങിലെത്തുന്നത്. വിശ്വാസികളെ സംബന്ധിച്ച് ഈമാസത്തിലെ നാലമ്പല ദര്‍ശനവും പ്രധാനപ്പെട്ടതാണ്. സൂര്യന്‍ കര്‍ക്കടക രാശിയിലൂടെ സഞ്ചരിക്കുന്ന സമയം. വീടും പരിസരവും വൃത്തിയാക്കി നിലവിളക്ക് തെളിയിച്ച്, ദശപുഷ്പം ചൂടി രാമായണ പാരായണം നടത്തുമെന്നതാണ് ഈ മാസത്തിന്റെ മറ്റൊരു പ്രത്യേകത. ആരോഗ്യ പരിചരണത്തിനും കര്‍ക്കടക മാസത്തിലാണ് തുടക്കം. ആയുര്‍വേദ ചികിത്സക്കും ഔഷധ കഞ്ഞി കുടിച്ചുള്ള ആരോഗ്യ സംരക്ഷണത്തിനും കര്‍ക്കടക മാസം തന്നെയാണ് ഉത്തമം. വറുതിയുടെ മാസം കടന്ന് സമൃദ്ധിയുടെ ഓണക്കാലത്തിന് വേണ്ടിയുള്ള കാത്തിരിപ്പും ഇവിടെ തുടങ്ങുകയാണ്.








