നെയ്പീദോ: മ്യാന്‍മര്‍ തീരത്ത് രണ്ട് ബോട്ടുകള്‍ മറിഞ്ഞ് അഞ്ഞൂറിലധികം പേര്‍ മരിച്ചതായി വിവരം. മ്യാന്മറിനടുത്ത് ബംഗാള്‍ ഉള്‍ക്കടലിലാണ് അപകടം. ജൂണ്‍ അവസാന വാരത്തില്‍ മ്യാന്‍മറിലെ രഖൈന്‍ സംസ്ഥാനത്ത് നിന്നാണ് ഈ രണ്ട് ബോട്ടുകളും യാത്ര തിരിച്ചത്. ഇതില്‍ യാത്ര ചെയ്തവരില്‍ ഭൂരിഭാഗവും റോഹിങ്ക്യന്‍ വംശജരായിരുന്നു. ഏകദേശം 250 ഓളം ആളുകളുമായി പോയ ആദ്യത്തെ ബോട്ടുമായുള്ള ബന്ധം പുറപ്പെട്ട് കുറച്ചുസമയത്തിനകം തന്നെ നഷ്ടപ്പെട്ടിരുന്നു. 280 ഓളം യാത്രക്കാരുണ്ടായിരുന്ന രണ്ടാമത്തെ ബോട്ട് ജൂലൈ 8ന് മ്യാന്‍മറിലെ അയ്യര്‍വാഡി തീരത്ത് മുങ്ങിയതായാണ് കരുതപ്പെടുന്നത്. സംഭവത്തിന്റെ കൃത്യമായ വിവരങ്ങളും മരണസംഖ്യയും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ അഭയാര്‍ത്ഥി സമുദ്രദുരന്തങ്ങളിലൊന്നായാണ് സംഭവത്തെ ഐക്യരാഷ്ട്രസഭ വിശേഷിപ്പിക്കുന്നത്.








