കാസര്‍കോട്: വാട്സ്ആപ്പിലൂടെ ഭര്‍തൃമതിയായ യുവതിയെ നിരന്തരം പിന്തുടര്‍ന്ന് ശല്യം ചെയ്യുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയില്‍ കുഞ്ചത്തൂര്‍ സ്വദേശിക്കെതിരെ കാസര്‍കോട് സൈബര്‍ പൊലീസ് കേസെടുത്തു. മഞ്ചേശ്വരം വൊര്‍ക്കാടി പാവൂര്‍ സ്വദേശിനിയായ 31 കാരിയുടെ പരാതിയിലാണ് കേസ്. കുഞ്ചത്തൂര്‍ സ്വദേശി ഇബ്രാഹിം ഖലീല്‍ കഴിഞ്ഞ മെയ് 29 മുതല്‍ ജൂണ്‍ 30 വരെയുള്ള കാലയളവില്‍ അപകീര്‍ത്തികരമായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് തന്നെ ശല്യം ചെയ്തുവെന്നാണ് യുവതിയുടെ പരാതി. സൈബര്‍ സെല്‍ എസ്.ഐ എം.സവ്യസാചി യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് യുവാവിനെതിരെ കേസെടുത്തത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.







