ദിലീപ് നായകനായ കുബേരന്‍ സിനിമയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് ഉമ ശങ്കരി. നടി ഇപ്പോള്‍ സ്തനാര്‍ബുദ രോഗത്തോട് മല്ലിടുകയാണ്. ചികിത്സയുടെ പുതിയ വിവരങ്ങള്‍ സമൂഹമാധ്യമത്തിലൂടെ താരം തന്നെയാണ് പങ്കുവെച്ചത്. കീമോതെറാപ്പിയുടെ രണ്ടാം ഘട്ടം പുരോഗമിക്കുകയാണെന്നും നിലവില്‍ എല്ലാ ദിവസവും ചികിത്സ സ്വീകരിക്കുകയാണെന്നും നടി പറയുന്നു.
തനിക്ക് ബ്രസ്റ്റ് കാന്‍സര്‍ ആണെന്ന് സ്ഥിരീകരിച്ചതായി ഉമ ശങ്കരി ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ നേരത്തെ അറിയിച്ചിരുന്നു. ‘കീമോ ചികിത്സയുടെ രണ്ടാം ഘട്ടം, ഓരോ ദിവസത്തെയും അതിനനുസരിച്ച് നേരിട്ടാണ് ഞാന്‍ മുന്നോട്ട് പോകുന്നത്. പ്രയാസകരമായ ദിവസങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഞാന്‍ പഠിക്കുന്നു, ഒപ്പം, കരുത്ത് തോന്നുന്ന ദിവസങ്ങളെ സന്തോഷത്തോടെ ആഘോഷിക്കുകയും ചെയ്യുന്നു. എപ്പോഴും കൂടെ നില്‍ക്കുന്ന കുടുംബത്തിനും, സ്‌നേഹവും പിന്തുണയും നല്‍കുന്ന ആരാധകര്‍ക്കും നന്ദി’- നടി കുറിച്ചു. നടിയുടെ ആരോഗ്യനില മെച്ചപ്പെടട്ടെയെന്ന ആശംസകളും പ്രാര്‍ഥനകളുമായി നിരവധി ആരാധകരും സഹപ്രവര്‍ത്തകരും സമൂഹമാധ്യമങ്ങളിലൂടെ പിന്തുണ അറിയിച്ചെത്തിയിട്ടുമുണ്ട്. തമിഴ് – തെലുങ്ക് സിനിമകളില്‍ പരിചിതയായിരുന്ന നടി കുബേരന് ശേഷം വസന്തമല്ലിക, സാഫല്യം, ഈ സ്നേഹതീരത്ത് എന്നീ സിനിമകളിലൂടെയും മലയാളത്തിലെത്തി. വിവാഹത്തിന് ശേഷം അഭിനയത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു നടി. ഏകദേശം മുപ്പതോളം സിനിമയില്‍ ഉമ അഭിനയിച്ചു. അതിന് ശേഷം സീരിയലുകളില്‍ സജീവമായിരുന്നു നടി.








