ഉള്ളാള്‍: നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി പൊലീസിന്റെ പിടിയിലായി. ഉള്ളാള്‍ മേലങ്ങാടി ദര്‍ഗ റോഡില്‍ താമസിക്കുന്ന സുര്‍മോ ഇമ്രാന്‍ എന്ന ഇമ്രാന്‍ ആണ് അറസ്റ്റിലായത്. മംഗളൂരു നഗരത്തിലും ഉഡുപ്പി ജില്ലയിലുമായി 23 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇമ്രാന്‍. കൊലപാതകം, കലാപം, കവര്‍ച്ച, ഭീഷണിപ്പെടുത്തല്‍ തുടങ്ങി നിരവധി കേസുകളില്‍ ഇയാള്‍ക്കെതിരെ അറസ്റ്റുവാറണ്ടും ഉണ്ട്. അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടും മുങ്ങി നടക്കുകയായിരുന്ന ഇയാളെ പൊലീസിന് പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ അഞ്ചുവര്‍ഷമായി പൊലീസ് ഉദ്യോഗസ്ഥരുടെയും രഹസ്യാന്വേഷണ വിഭാഗങ്ങളുടെയും ശ്രദ്ധയില്‍പ്പെടാതിരിക്കാന്‍ പൊതുസ്ഥലങ്ങളില്‍ ബുര്‍ഖ ധരിച്ചാണ് നടന്നിരുന്നത്. ഇയാള്‍ ഉള്ളാളില്‍ തന്നെ ചുറ്റിക്കറങ്ങുന്നുണ്ടെന്ന് അടുത്തിടെ പൊലീസിന് വിവരം ലഭിച്ചിരുന്നു. ഉള്ളാളിലെ ഇയാളുടെ താവളത്തിലെത്തിയാണ് പൊലീസ് പിടികൂടിയത്.








