കൊച്ചി: സോഷ്യല്‍മീഡിയയിലൂടെ അശ്ലീലദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചെന്ന കേസില്‍ തൊപ്പി എന്ന മുഹമ്മദ് നിഹാലിന്റെ യൂട്യൂബ് ചാനല്‍ നീക്കം ചെയ്തു. ആലുവ റൂറല്‍ സൈബര്‍ പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് യൂട്യൂബ് നടപടിയെടുത്തത്. കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസ് നോട്ടീസ് നല്‍കിയിരുന്നെങ്കിലും തൊപ്പി ഹാജരായിരുന്നില്ല. ഗുരുതര സ്വഭാവമുള്ള കുറ്റകൃത്യങ്ങളായതിനാല്‍ തൊപ്പിക്ക് ജാമ്യം അനുവദിക്കരുതെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. എറണാകുളം സെഷന്‍സ് കോടതിയിലാണ് റിപ്പോര്‍ട്ട് നല്‍കിയത്. അഡ്വ. ശ്രീജിത്ത് പെരുമനയുടെ പരാതിയെ തുടര്‍ന്നാണ് ഡിജിപി റവാഡ ചന്ദ്രശേഖര്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. ലഹരിമരുന്ന് ഉപയോഗം, അശ്ലീല പ്രചരണം, പോക്സോ കേസുകള്‍, ലൈംഗിക ചൂഷണം തുടങ്ങിയ ആരോപണങ്ങളാണ് തൊപ്പിക്കും സൃഹൃത്തുക്കള്‍ക്കുമെതിരെ ഉയര്‍ന്നത്. തൊപ്പി നിഹാദ് എംഡിഎംഎ ഉപയോഗിക്കുകയും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ചൂഷണം ചെയ്യുകയും ചെയ്തിട്ടുണ്ടെന്ന് സുഹൃത്തുക്കളായ മുഹമ്മദും ഷമീറും ആരോപിച്ചിരുന്നു. തൊപ്പി ലൈംഗിക ചൂഷണം നടത്തിയെന്നും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉപയോഗിച്ച് അവര്‍ക്ക് പണം നല്‍കി പ്രശ്‌നം ഒതുക്കിയെന്നും ഇവര്‍ ആരോപിച്ചിരുന്നു.








