ഭുവനേശ്വര്‍: കുടുംബ തര്‍ക്കത്തിനിടെ ഭാര്യ മൊബൈല്‍ കൊണ്ട് ഭര്‍ത്താവിന്റെ തലയ്ക്കടിച്ചു. പരിക്കേറ്റ ഭര്‍ത്താവ് ചികില്‍സക്കിടെ മരിച്ചു. ബൊലാങ്കീര്‍ ജില്ലയില്‍ ശനിയാഴ്ചയാണ് സംഭവം. ദമ്പതികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ ഭാര്യ ഭര്‍ത്താവിന്റെ തലയില്‍ മൊബൈല്‍ ഫോണ്‍ കൊണ്ട് അടിക്കുകയായിരുന്നു.
പരിക്കേറ്റ ഭര്‍ത്താവിനെ ഉടന്‍ തന്നെ ബൊലാങ്കീറിലെ ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയ്ക്ക് ശേഷം ആരോഗ്യനിലയില്‍ പുരോഗതി വന്നതോടെ ഇദ്ദേഹത്തെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്ക് അയച്ചു. എന്നാല്‍ വീട്ടിലെത്തിയതിന് പിന്നാലെ ആരോഗ്യ നില വഷളായി.
ചികിത്സയ്ക്കായി കുടുംബാംഗങ്ങള്‍ അദ്ദേഹത്തെ ആശുപത്രിയിലേക്ക് തിരികെ കൊണ്ടുപോയി. അവിടെയെത്തിയപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. തലയ്ക്കടിയേറ്റാണോ ഹൃദയാഘാതം മൂലമാണോ മരണം സംഭവിച്ചതെന്ന് വ്യക്തമാകണമെങ്കില്‍ പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടുകൂടി ലഭിക്കണമെന്ന് പൊലീസ് പറഞ്ഞു.








