കണ്ണൂർ: നിയന്ത്രണം വിട്ട കാർ റോഡരികിലെ വീട്ടു കിണറ്റില്‍ വീണു. കാർ ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഞായറാഴ്ച വൈകിട്ടാണ് സംഭവം. മയ്യിൽ മുല്ലക്കൊടി പടിഞ്ഞാറിലെ എം മാധവിയുടെ വീട്ടിലെ കിണറ്റിലേക്കാണ് കാർ മറിഞ്ഞത്. അരിമ്പ്രയിൽനിന്ന് കല്യാശേരിയിലേക്ക് പോകുകയായിരുന്ന കാർ ആണ് അപകടത്തിൽപ്പെട്ടത്. കാറിലുണ്ടായിരുന്ന കല്യാശേരി സ്വദേശി പരിക്കില്ലാതെ രക്ഷപ്പെട്ടു. ആള്‍മറ തകർത്ത കാർ വീട്ടു കിണറ്റിലേക്ക് വീഴുകയായിരുന്നു.
ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഫയർ ഫോഴ്സെത്തി. ക്രെയിൻ ഉപയോഗിച്ചാണ് കാർ പുറത്തേക്ക് എടുത്തത്. ഇറക്കത്തില്‍ ബ്രേക്ക് നഷ്‌ടപ്പെട്ട കാർ നിയന്ത്രണം വിട്ട് താഴ്ച്ചയിലെ വീട്ടു കിണറ്റിലേക്ക് കൂപ്പുകുത്തുകയായിരുന്നു. കിണറിലെ വെള്ളത്തിൽ മുങ്ങിത്താണ കാറിൽ നിന്ന് ഡ്രൈവർ അൽഭുതകരമായാണ് രക്ഷപെട്ടത്.








