കാസര്‍കോട്: ബേഡകം, കൊളത്തൂരില്‍ സ്വകാര്യ ബസ് അപകടം. ഭാഗ്യത്തിന് യാത്രക്കാർ പരിക്കില്ലാതെ രക്ഷപ്പെട്ടു. കാഞ്ഞങ്ങാട് നിന്നു ബന്തടുക്കയിലേയ്ക്ക് പോവുകയായിരുന്ന ബസാണ് ഇന്ന് (ബുധന്‍) ഉച്ചകഴിഞ്ഞ് രണ്ടര മണിയോടെ അപകടത്തില്‍പ്പെട്ടത്.
ബസ് ചൂരിക്കോട് വളവില്‍ എത്തിയപ്പോള്‍ സ്റ്റിയറിംഗ് തകരാറിലാവുകയായിരുന്നുവെന്നു പറയുന്നു. ഇതോടെ ബസ് റോഡില്‍ തെന്നിമാറി അരുകിലെ കുഴിയിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. ഹൈടെന്‍ഷന്‍ ലൈന്‍ കടന്നുപോകുന്ന തൂണിനു സമീപത്തു കൂടിയാണ് ബസ് റോഡരുകിലെ കുഴിയിലേയ്ക്ക് നീങ്ങിയത്. ബസ് വൈദ്യുതി തൂണില്‍ ഇടിച്ചിരുന്നുവെങ്കില്‍ വന്‍ ദുരന്തം തന്നെ സംഭവിക്കുമായിരുന്നുവെന്നു പരിസര വാസിയായ രവീന്ദ്രന് ചൂരിക്കോട് പറഞ്ഞു.








