കാസര്‍കോട്: അയല്‍ക്കാരിയുടെ വീട്ടിലേയ്ക്ക് ട്യൂഷനു പോകുന്നുവെന്ന വിരോധത്തില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തള്ളിയിട്ട് കൈയുടെ എല്ലൊടിച്ച കേസില്‍ യുവതിക്കെതിരെ കുമ്പള പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. കുമ്പള, ഷേഡിക്കാവ് സ്വദേശിനിയായ 11കാരിയുടെ പരാതിപ്രകാരമാണ് കണിപ്പുര ക്ഷേത്രത്തിനു സമീപത്തെ ഒരു യുവതിക്കെതിരെ കേസെടുത്തത്.
വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് കേസിനാസ്പദമായ സംഭവം. സ്‌കൂളിലെ ക്ലാസ് കഴിഞ്ഞ് കണിപ്പുര ക്ഷേത്രത്തിനു സമീപത്തെ ട്യൂഷന്‍ ടീച്ചറുടെ വീട്ടിലേയ്ക്ക് ട്യൂഷനു പോകുകയായിരുന്നു വിദ്യാര്‍ത്ഥിനി. ഇതിനിടയില്‍ സ്ഥലത്തെത്തിയ യുവതി വിദ്യാര്‍ത്ഥിനിയെ തടഞ്ഞു നിര്‍ത്തി ‘നിങ്ങള്‍ ട്യൂഷന് പോകേണ്ട, പോയെങ്കില്‍ കാലൊടിക്കും’ എന്നു പറഞ്ഞു തള്ളുകയായിരുന്നുവെന്നു പറയുന്നു. ഗേറ്റിലേയ്ക്ക് വീണ വിദ്യാര്‍ത്ഥിനിയുടെ വലതു കൈയിലെ എല്ല് പൊട്ടുകയായിരുന്നുവെന്ന് കുമ്പള പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. പ്രതിയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു. ട്യൂഷൻ ടീച്ചറുമായി അയൽക്കാരിയായ യുവതിക്കുള്ള വിരോധമാണത്രെ സംഭവത്തിനു കാരണം.







