കാസർകോട്: ജില്ലയിലെ തീരദേശ മേഖല രൂക്ഷമായ കടലാക്രമണ ഭീഷണിയിൽ. മൊഗ്രാൽപുത്തൂർ കാവുഗോളിയിൽ ചേരങ്കൈ-കാവുഗോളി തീരദേശ റോഡ് കടലെടുത്തു.ഇവിടെ നൂറ് മീറ്റർ കടൽ കരയിലേക്ക് കയറിയിട്ടുണ്ട്.റോഡ് കടലെടുത്തതോടെ ഗതാഗത മാർഗമില്ലാതെ തീരവാസികൾ ദുരിതത്തിലായി.ഇവിടെ 200-ഓളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. വീടുകളിലേക്ക് കടൽ ഇരച്ചു കയറുമെന്ന ഭയാശങ്കയിൽ കഴിയുകയാണ് പ്രദേശവാസികൾ.
കാവുഗോളിക്ക് പുറമെ നെല്ലിക്കുന്ന് ചേരങ്കൈ കടപ്പുറത്തും രൂക്ഷമായ കടലാക്രമണം അനുഭവപ്പെടുന്നുണ്ട്. എവിടെ സ്ഥാപിച്ച “ജിയോബാഗ് ”സംവിധാനം കടലെടുത്തു. ഇവിടെയും നിരവധി വീടുകൾ ഭീഷണി യിലാണ്.കുമ്പള കോയിപ്പാടി കടപ്പുറത്ത് കടലേറ്റം കരിങ്കൽ കടൽ ഭിത്തിക്ക് ഭീഷണിയായിട്ടുണ്ട്. പകുതിഭാഗം കടൽ ഭിത്തിയും കടലെടുത്തു കഴിഞ്ഞു.ജിയോബാഗ് തീര സംരക്ഷണ സംവിധാനവും കടലെടുക്കുന്നുണ്ട്. ഇവിടെയും തീരദേശ റോഡിന് ഭീഷണി നേരിട്ടാൽ തൊട്ടടുത്തുള്ള നൂറുകണക്കിന് വീടുകൾക്കും ഭീഷണിയാവുമെന്ന ഭയം പ്രദേശവാസികൾക്കുണ്ട്.
പെറുവാഡ് കടപ്പുറത്ത് രണ്ടുവർഷം മുമ്പ് സ്ഥാപിച്ച മണൽ ചാക്കുകൾ കൊണ്ടുള്ള ജിയോബാഗ് കടൽ ഭിത്തി പൂർണ്ണമായും കടലെടുത്തു.പെർവാട് കടപ്പുറത്ത് ശേഷിച്ച കരിങ്കൽ കടൽ ഭിത്തിയും കടലെടുക്കുന്നുണ്ട്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനുള്ളിൽ പെർവാഡ് കടപ്പുറത്ത് സ്ഥാപിച്ച മുഴുവൻ കടൽ ഭിത്തിയും കടലെടുത്തു കഴിഞ്ഞു. തീരദേശവാസികളുടെ എതിർപ്പ് മറികടന്ന് കോടികളാണ് അധികൃതർ ഇവിടെ തീരസംരക്ഷണത്തിന്റെ പേരിൽ കടലിൽ തള്ളിയത്.
ജില്ലയിലെ മറ്റു തീരദേശ മേഖലയിലും സമാനമായ കടലേറ്റങ്ങളുണ്ട്.ഉപ്പള അജാനൂർ ഭാഗത്തും രൂക്ഷമായ കടലാക്രമണം അനുഭവപ്പെടുന്നുണ്ട്.







