ഗുരുവായൂര്‍: 65 കാരിയെ ബലാത്സംഗം ചെയ്ത ശേഷം കിണറ്റില്‍ തള്ളിയിട്ടു കൊന്നു. ഇന്നലെ (ശനി) രാത്രിയാണ് നാടിനെ നടുക്കിയ സംഭവം പുറം ലോകം അറിഞ്ഞത്. സംഭവത്തില്‍ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുന്നു. തൃശൂര്‍ ചേലക്കര സ്വദേശിനിയായ സെന്താനവല്ലി (65)യാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ഗുരുവായൂര്‍ ക്ഷേത്രത്തിനു സമീപത്തു വച്ചാണ് പെരുമ്പാവൂര്‍ സ്വദേശിയായ സുരേഷ് കുമാര്‍ രണ്ടു ദിവസം മുമ്പ് വയോധികയെ പരിചയപ്പെട്ടത്. അന്ന് രാത്രിയില്‍ വയോധികയെ സുരേഷ് കുമാര്‍ താമസിക്കുന്ന ഷെഡിലേയ്ക്ക് കൂട്ടികൊണ്ടുപോയി. അവിടെ വെച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. ഇതിനിടയില്‍ ഉണ്ടായ തര്‍ക്കത്തിനിടയില്‍ സെന്താനവല്ലിയെ തള്ളിയിടുകയായിരുന്നു. ചുമരില്‍ തലയിടിച്ചു പരിക്കുണ്ടായെന്നും വയോധിക അബോധാവസ്ഥയിലാവുകയും ചെയ്തു. മരിച്ചുവെന്നു കരുതി സുരേഷ് കുമാറും കൂട്ടാളിയും ചേര്‍ന്ന് സമീപത്തെ കിണറ്റിലേയ്ക്ക് തള്ളിയിടുകയായിരുന്നുവത്രെ. മദ്യ ലഹരിയിലായിരുന്ന സുരേഷ് കുമാറില്‍ നിന്നു അബദ്ധത്തില്‍ പുറത്തുവന്ന വാക്കുകളാണ് സംഭവം പുറത്തറിയാന്‍ ഇടയാക്കിയത്.








