ആഗ്ര: അസിസ്റ്റന്റ് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറായിരുന്ന ആളുടെ വീട്ടില്‍ നിന്നു 13 കിലോ ഗ്രാം സ്വര്‍ണ്ണവും ഒന്നരക്കോടിയിലധികം രൂപയും പിടിച്ചു.
യു പിയിലെ ആഗ്ര എ ആര്‍ ടി ഒയായിരുന്ന ലളിത് കുമാറിന്റെ വീട്ടിന്റെ ചുവരുകള്‍ക്കും മറ്റു ഫര്‍ണ്ണിച്ചറുകള്‍ക്കുമിടയില്‍ രഹസ്യ അറയും രഹസ്യ ലോക്കറുകളിലുമായി ഒളിപ്പിച്ചിരുന്ന കോടികള്‍ വില വരുന്ന സ്വര്‍ണ്ണവും നോട്ടു കെട്ടുകളും വില പിടിച്ച രേഖകളും വാച്ചുകളും ആണ് പിടികൂടിയത്. ലോക്കറുകളിലും ഡിജിറ്റല്‍ ലോക്കറുകളിലുമായാണ് ഇവ ഒളിപ്പിച്ചിരുന്നത്. രഹസ്യ അറകള്‍ കുടുംബാംഗങ്ങളില്‍ നിന്നും ഇയാള്‍ മറച്ചുവച്ചിരിക്കുകയായിരുന്നുവെന്നു പറയുന്നു. ഉത്തര്‍പ്രദേശ് വിജിലന്‍സ്, കോടതി അനുമതിയോടെ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. അനധികൃത സ്വത്തു സമ്പാദനത്തിന് ഇയാള്‍ക്കെതിരെ മുമ്പും പരാതികളുണ്ടായിരുന്നുവെന്നു പറയുന്നു. വീട്ടില്‍ ഭിത്തിക്കുള്ളിലും മറ്റും പ്രത്യേക അറകളുണ്ടാക്കി അതിനു ഡിജിറ്റല്‍ ലോക്കറുകള്‍ ഉണ്ടാക്കിയായിരുന്നു പണവും സ്വര്‍ണ്ണം- വെള്ളി ആഭരണങ്ങളും മറ്റും ഒളിപ്പിച്ചിരുന്നത്. ഡിജിറ്റല്‍ ലോക്കര്‍ കണ്ടെത്തിയ വിജിലന്‍സ് അവ തുറക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ പാസ്‌വേഡ് മറന്നുപോയെന്നു പറഞ്ഞ് അന്വേഷണവുമായി ഇയാള്‍ നിസഹകരിക്കുകയായിരുന്നെന്നു പറയുന്നു. പിന്നീട് സൈബര്‍ വിദഗ്ദ്ധരുടെ സഹായത്തോടെയാണ് ലോക്കര്‍ തുറന്നു ഞെട്ടിപ്പിക്കുന്ന പണവും സ്വര്‍ണ്ണാഭരണങ്ങളും മറ്റും കണ്ടെത്തിയത്. ഇയാളുടെയും ബന്ധുക്കളുടെയും പേരില്‍ ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ വന്‍ തോതില്‍ ഇയാള്‍ സ്വത്തു സമ്പാദിച്ചിട്ടുള്ളതായും കണ്ടെത്തിയിട്ടുണ്ട്.








