തിരുവനന്തപുരം: തിരുവല്ലത്ത് യുവാവും യുവതിയും വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. അപകടകാരണം ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞതല്ലെന്ന് പൊലീസ്. കാര്‍ ബൈക്കിന് പിന്നിലിടിച്ചാണ് അപകടമുണ്ടായത്. കാര്‍ ഓടിച്ച വിഷ്ണു എന്ന യുവാവിനെ പൊലീസ് പിടികൂടിയിട്ടുണ്ട്. കാറും കസ്റ്റഡിയിലെടുത്തു. അപകടത്തില്‍ സുഹൃത്തുക്കളായ എറണാകുളം സ്വദേശി നവീന്‍ സിബി(25), തൊടുപുഴ സ്വദേശി മൃദുല അന്ന ഉമ്മന്‍(25) എന്നിവരാണ് മരിച്ചത്. നവീന്‍ ടെക്നോപാര്‍ക്കിലെ ഐടി കമ്പനിയിലെ സോഫ്റ്റ് വെയര്‍ എഞ്ചിനിയറും, മൃദുല കിന്‍ഫ്രയിലെ ഐടി ജീവനക്കാരിയുമാണ്. ഇരുവരും തിരുവല്ലത്ത് നിന്നും കോവളം ഭാഗത്തേക്ക് ബൈക്കില്‍ പോകുമ്പോഴാണ് അപകടമുണ്ടായത്. നവീന്റെ ജന്മദിനമായിരുന്നു വ്യാഴാഴ്ച. അത് ആഘോഷിക്കാനായി കോവളത്തേക്ക് പോകുകയായിരുന്നു ഇരുവരും. ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലും ഇലക്ട്രിക് പോസ്റ്റിലും ഇടിച്ചാണ് അപകടമുണ്ടായതെന്നായിരുന്നു ആദ്യം ലഭിച്ച റിപ്പോര്‍ട്ട്. എന്നാല്‍ അപകടസ്ഥലത്തെ സിസിടിവി പരിശോധനയില്‍ പൊലീസിന് തോന്നിയ സംശയമാണ് സംഭവത്തില്‍ നിര്‍ണായകമായത്. മൃദുല സംഭവസ്ഥലത്തും നവീന്‍ ആശുപത്രിയിലേക്കു കൊണ്ടുപോകുംവഴിയും മരിക്കുകയായിരുന്നു. അപകടത്തില്‍ മൃദുല മീറ്ററുകളോളം തെറിച്ച് പോയിരുന്നു. അപകടത്തില്‍പ്പെട്ട ബൈക്കിന്റെ ഹാന്‍ഡിലില്‍ ഉണ്ടായിരുന്ന കാറിന്റെ പെയിന്റും മറ്റു അസ്വാഭാവികതകളുമാണ് പൊലീസിന് സംശയങ്ങളുണ്ടാക്കിയത്. ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ബൈക്കിന് പിന്നില്‍ ഒരു കാര്‍ പോകുന്നതായി കണ്ടെത്തി. ഈ കാറിന്റെ ഉടമ മലയിന്‍കീവ് സ്വദേശി വിഷ്ണുവാണെന്നു തിരിച്ചറിഞ്ഞതോടെ രാത്രി തന്നെ യുവാവിന്റെ വീട്ടില്‍ പൊലീസ് സംഘമെത്തി. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍, കാര്‍ ബൈക്കില്‍ ഇടിച്ചതായി സമ്മതിച്ചു. പിന്നീട് വിഷ്ണുവിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.








