പയ്യന്നൂര്‍: എംഡിഎംഎ വിതരണം ചെയ്യുന്ന റാക്കറ്റിലെ പ്രധാനികളായ രണ്ടു വ്യാപാരികളെ പൊലീസ് അറസ്റ്റു ചെയ്തു. തളിപ്പറമ്പ് ബസ് സ്റ്റാന്റിനു സമീപത്തെ ബോസ് എന്ന റെഡിമെയ്ഡ് സ്ഥാപനത്തിന്റെ ഉടമ പുളിയൂല്‍, പുത്തിക്കല്‍ ഹൗസില്‍ പി സുനീഷ് (29), മാട്ടൂര്‍ കക്കാടന്‍ചാല്‍ നരിയന്‍മാടത്ത് ഹൗസില്‍ എന്‍ നിസാര്‍ (40) എന്നിവരെയാണ് പഴയങ്ങാടി പൊലീസ് ഇന്‍സ്‌പെക്ടര്‍ എ സന്തോഷ് കുമാറും സംഘവും അറസ്റ്റു ചെയ്തത്. നിസാര്‍ പുതിയങ്ങാടി ബീച്ച് റോഡില്‍ അനാദിക്കട നടത്തിപ്പുകാരനാണ്.
കാറില്‍ കടത്തുകയായിരുന്ന എംഡിഎംഎയുമായി ഏഴോം, ജമീല മന്‍സിലിലെ സിടി നൗഫല്‍ (47), ഏഴോം മൂലയിലെ എ സഹദ് മുഹമ്മദ് (28) എന്നിവരെ ജുലൈ നാലിന് പഴയങ്ങാടി പൊലീസ് പിടികൂടിയിരുന്നു. പ്രസ്തുത കേസില്‍ റിമാന്റിലായ ഇരു പ്രതികളെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മയക്കുമരുന്ന് എത്തിച്ചു നല്‍കുന്നത് സുനീഷും നിസാറുമാണെന്ന വിവരം പൊലീസ് ലഭിച്ചത്. തുടർന്നാണ് വ്യാപാരികളെ അറസ്റ്റു ചെയ്തത്.2021 ല്‍ മാട്ടുലില്‍ വച്ച് മൂന്നു കിലോ കഞ്ചാവ് പിടികൂടിയ കേസിലെ പ്രതിയാണ് നിസാറെന്നു പൊലീസ് പറഞ്ഞു.







