കണ്ണൂർ: അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഗുരുതരാവസ്ഥയിലായ ഒന്നര വയസുകാരൻ മരിച്ചു. പയ്യന്നൂർ സ്വദേശി സൂരജിന്റെ മകൻ ദേവാൻഷ് ശൗര്യയാണ് മരിച്ചത്.
പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ വെച്ചു അനസ്തേഷ്യ നൽകിയതിന് പിന്നാലെയാണ് കുട്ടി ഗുരുതരാവസ്ഥയിലായത്. കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രാത്രിയോടെയാണ് അന്ത്യം സംഭവിച്ചത്. ദിവസങ്ങൾക്കു മുമ്പ് കളിക്കുന്നതിനിടെ ചുണ്ടും താടിയും മുറിഞ്ഞതിനെ തുടർന്ന് സ്റ്റിച്ച് ഇടാനാണ് അനസ്തേഷ്യ നൽകിയത്. പിന്നാലെ കുട്ടി അബോധാവസ്ഥയിലേക്ക് എത്തുകയായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് കുഞ്ഞിനെ അടിയന്തരമായി കണ്ണൂരിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ചികിത്സ പിഴവ് ആരോപിച്ചു കുടുംബം നൽകിയ പരാതിയിൽ ആശുപത്രിയിലെ ഡോക്ടർക്ക് എതിരെ പൊലീസ് കേസ് എടുത്തിരുന്നു. എട്ടു വർഷം കാത്തിരുന്ന ശേഷം ഉണ്ടായ കുട്ടിയാണ് ദേവാൻഷ്.








