കാസർകോട്: റാണിപുരത്തേക്കുള്ള പാതയിൽ കാറുകളിൽ അപകടരമായ രീതിയിൽ സാഹസികയാത്ര നടത്തിയ യുവാക്കൾക്കെതിരെ കേസെടുത്തു. 4 കർണാടക സ്വദേശികൾക്കെതിരെയാണ് രാജപുരം പൊലീസ് കേസെടുത്ത ത്. വ്യാഴാഴ്ച രാവിലെ
രണ്ട് കാറുകളിലെത്തിയ യുവാക്കളാണ് റാണിപുരം റോഡിൽ നാട്ടുകാരെ ഭീതിയിലാഴ്ത്തി സാഹസികയാത്ര നടത്തിയത്. കാറിന്റെ ഡോറുകൾ തുറന്ന് അതിനു മുകളിലിരുന്ന് കിലോമീറ്ററുകളോളം യാത്ര നടത്തുകയായിരുന്നു. യുവാക്കൾ യാത്ര ചെയ്യുന്ന ദൃശ്യങ്ങൾ മറ്റൊരു യാത്രക്കാരൻ മൊബൈലിൽ പകർത്തി രാജപുരം പൊലീസിന് കൈമാറി.
ദൃശ്യങ്ങൾ ലഭിച്ചയുടൻ റാണിപുരത്തെത്തിയ പൊലീസ് സംഘം ഇരു വാഹനങ്ങളും കണ്ടെത്തുകയും നിയമലംഘനത്തിന് പിഴ ഈടാക്കുകയും ചെയ്തു. മുൻപ് ഇത്തരത്തിൽ ഈ റൂട്ടിൽ നടന്ന സാഹസികയാത്ര ഒരു വിദ്യാർഥിയുടെ ദാരുണമായ മരണത്തിന് ഇടയാക്കിയിരുന്നു. മഴക്കാല പ്രകൃതി ഭംഗി കാണാൻ റാണിപുരത്ത് സഞ്ചാരികളുടെ തിരക്ക് വർദ്ധിക്കുകയാണ്.







