വാഷിങ്ടണ്‍: ഇറാനുമായുള്ള വെടിനിര്‍ത്തല്‍ ധാരണ അവസാനിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ഇനി അവരുമായി യാതൊരു ഇടപാടുകള്‍ക്കോ ചര്‍ച്ചയ്‌ക്കോ താനില്ലെന്നും ട്രംപ് പറഞ്ഞു. ബുധനാഴ്ച അങ്കാറയില്‍ നടന്ന നാറ്റോ ഉച്ചകോടിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൊവ്വാഴ്ച രാത്രി ഇറാനിലെ 85 കേന്ദ്രങ്ങളില്‍ അമേരിക്ക ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വെടിനിര്‍ത്തല്‍ ധാരണ അവസാനിച്ചതായി ട്രംപ് വ്യക്തമാക്കിയത്.
‘ഇനി അവരുമായി ചര്‍ച്ച നടത്തുന്നത് വെറും സമയനഷ്ടമാണ്. ആ ക്യാന്‍സര്‍ നമ്മള്‍ തുടക്കത്തിലേ മുറിച്ചു മാറ്റേണ്ടതായിരുന്നു. എനിക്ക് ഇപ്പോള്‍ തോന്നുന്നതും അതുതന്നെയാണ്.’-ട്രംപ് പറഞ്ഞു.
ഇറാന്‍ ഭരണകൂടത്തെയും ജനങ്ങളെയും രൂക്ഷമായ ഭാഷയില്‍ ട്രംപ് വിമര്‍ശിച്ചു. ഇറാനികള്‍ ‘കള്ളം പറയുന്നവരും ചതിയന്മാരും മാനസികരോഗികളുമാണ്’ എന്ന് അദ്ദേഹം വിശേഷിപ്പിച്ചു.’ഖമേനിയുടെ മരണാനന്തര ചടങ്ങുകളില്‍ ശ്രദ്ധിക്കുന്നതിന് പകരം അവര്‍ കപ്പലുകള്‍ ആക്രമിക്കുകയാണ് ചെയ്തത്. 47 വര്‍ഷമായി അവര്‍ പ്രശ്‌നങ്ങളുണ്ടാക്കുകയാണ്. ഇറാനെ ആണവമുക്തമാക്കുകയാണ് അമേരിക്കയുടെ ലക്ഷ്യം. അത് നടപ്പാക്കുമെന്നും ട്രംപ് വ്യക്തമാക്കി. അങ്കാറയില്‍ നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റുട്ടെയുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയിരുന്നു. മൂന്ന് കപ്പലുകള്‍ ആക്രമിക്കപ്പെട്ടതിന് പിന്നാലെചൊവ്വാഴ്ച രാത്രി ഇറാനിലെ 85 കേന്ദ്രങ്ങളില്‍ അമേരിക്കആക്രമണം നടത്തിയിരുന്നു. ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുകയായിരുന്ന മൂന്ന് കപ്പലുകള്‍ക്ക് നേരെ ആക്രമണമുണ്ടായതിനെ തുടര്‍ന്നാണ് ഈ തിരിച്ചടി നല്‍കിയത്. കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ ഇറാന്‍ സൈന്യമാണെന്നാണ് യുഎസ് ആരോപിക്കുന്നത്.








