കൊല്‍ക്കത്ത: ബാരൂയിപൂരില്‍ 12 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയെ പൊലീസ് വെടിവെച്ചുകൊന്നു. പ്രഭാഷ് മണ്ഡലിനെയാണ് തെളിവെടുപ്പിനിടെ വെടിവച്ചുകൊലപ്പെടുത്തിയത്. പൊലീസിന്റെ കൈവശമുണ്ടായിരുന്ന തോക്ക് തട്ടിയെടുത്ത് വെടിവെച്ച് ഓടാന്‍ ശ്രമിച്ചപ്പോഴാണ് തിരികെ വെടിവച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ കുറ്റകൃത്യം നടന്ന സ്ഥലത്ത് തെളിവെടുപ്പിനായി എത്തിച്ചപ്പോഴാണ് നാടകീയമായ എന്‍കൗണ്ടര്‍ അരങ്ങേറിയതും പൊലിസ്, പ്രതി പ്രഭാഷ് മണ്ഡലിനെ വെടിവച്ച് വീഴ്ത്തിയതും. ജൂലൈ നാലിന് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം തൊട്ടടുത്ത ദിവസം ചാക്കില്‍ കെട്ടിയ നിലയിലാണ് കണ്ടെത്തിയത്. പൊലീസ് സംഘം ചൊവ്വാഴ്ച പുലര്‍ച്ചെ 12.45ഓടെ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സൂര്യപൂര്‍ ഹാട്ട് എന്ന പ്രദേശത്ത് പ്രതിയുമായി തെളിവെടുപ്പിന് എത്തിയിരുന്നു. എന്നാല്‍ നടപടികള്‍ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് പ്രഭാഷ് മണ്ഡല്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ സര്‍വീസ് റിവോള്‍വര്‍ തട്ടിയെടുത്ത് പൊലീസ് സംഘത്തിന് നേരെ ഒരു റൗണ്ട് വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചു. തുടര്‍ന്ന് പൊലീസ് നടത്തിയ തിരിച്ചുവെടിവപ്പില്‍ പ്രതിക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ ഉടന്‍ തന്നെ ബാരൂയിപൂര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. അതിനിടെ കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന് സംശയിച്ച് ഇന്ദ്രജിത് മണ്ഡല്‍ എന്ന യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നിരുന്നു. എന്നാല്‍ ഇന്ദ്രജിത് തികച്ചും നിരപരാധിയായിരുന്നുവെന്ന് പൊലിസ് അന്വേഷണത്തില്‍ പിന്നീട് വ്യക്തമായി. ബാരുയിപൂരിലുള്ള വീട്ടില്‍ നിന്ന് സുഹൃത്തിന് പിറന്നാള്‍ സമ്മാനം വാങ്ങാന്‍ പോയ പെണ്‍കുട്ടിയെ ശനിയാഴ്ച കാണാതായിരുന്നു. ഞായറാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. സ്വകാര്യ ഭാഗങ്ങളില്‍ മുറിവുകള്‍, പോറലുകള്‍, കടിയേറ്റ പാടുകള്‍ എന്നിവയ്ക്ക് പുറമെ തലയില്‍ ഗുരുതരമായ പരിക്കുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. മൂര്‍ച്ചയുള്ള ഒരു വസ്തു കൊണ്ട് തലയില്‍ അടിച്ചാണ് കൊലപ്പെടുത്തിയത്.
ലൈംഗികമായി പീഡിപ്പിച്ച ശേഷം ഒരു ചാക്കില്‍ കയറ്റി ഒരു കുളത്തില്‍ എറിഞ്ഞതായി അന്വേഷണത്തില്‍ കണ്ടെത്തി. സംഭവത്തില്‍ മൂന്നുപേര്‍ പിടിയിലായിരുന്നു.









