ഓപ്പറേഷന്‍ തൂഫാന്‍ ദൗത്യത്തിന് പോയത് ‘കുടിച്ച് പൂസായി’; ഡാന്‍സാഫ് ടീമിലെ മൂന്ന് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

പത്തനംതിട്ട: കുടിച്ച് പൂസായി ഓപ്പറേഷന്‍ തൂഫാന്‍ ദൗത്യത്തിന് പോയ ഡാന്‍സാഫ് ടീമിലെ മൂന്ന് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. പത്തനംതിട്ട ഡിവൈഎസ്പിക്ക് കീഴിലെ ഡാന്‍സാഫ് സംഘത്തിലുള്ള സിവില്‍ പൊലീസ് ഓഫീസര്‍മാരായ സുമന്‍, പ്രിയേഷ്, രാഹുല്‍ എന്നിവര്‍ക്കെതിരെയാണ് ജില്ലാ പോലീസ് മേധാവി നടപടിയെടുത്തത്. ലഹരി മാഫിയക്കെതിരെ സംസ്ഥാനവ്യാപകമായി നിലവില്‍ നടക്കുന്ന ഓപ്പറേഷന്‍ തൂഫാന്‍ ദൗത്യത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ തന്നെ മദ്യപിച്ച് ലക്കുകെട്ട് ജീപ്പോടിച്ചത് പൊലീസിനാകെ വലിയ നാണക്കേടുണ്ടാക്കിയെന്ന വിലയിരുത്തലിലാണ് അര്‍ദ്ധരാത്രിയോടെ തന്നെ സസ്‌പെന്‍ഷന്‍ ഉത്തരവ് പുറത്തിറക്കിയത്. ചൊവ്വാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് സംഘം ഓപ്പറേഷന്‍ തൂഫാന്‍ ദൗത്യത്തിന് പുറപ്പെട്ടത്. അപകടകരമായ രീതിയിലും അമിതവേഗതയിലുമാണ് പൊലീസുകാരുടെ ജീപ്പ് ഓടിയിരുന്നത്. വാഹനം നിയന്ത്രണം വിട്ട് പാഞ്ഞതോടെ അപകടം ഭയന്ന നാട്ടുകാര്‍ സംഘടിച്ച് ജീപ്പ് തടയുകയായിരുന്നു. ജനങ്ങള്‍ തടിച്ചുകൂടുകയും മൊബൈല്‍ ഫോണുകളില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ തുടങ്ങുകയും ചെയ്തതോടെ വാഹനത്തിലുണ്ടായിരുന്ന രണ്ട് പൊലീസുകാര്‍ ജനക്കൂട്ടത്തെ വെട്ടിച്ച് ഓടി രക്ഷപ്പെട്ടു. വാഹനം ഓടിച്ച പ്രിയേഷ് എം. എന്ന സിവില്‍ പൊലീസ് ഓഫീസറെ നാട്ടുകാര്‍ തടഞ്ഞുവെച്ച് പൊലീസിന് കൈമാറി. തുടര്‍ന്ന് ഇയാളെ ഉടന്‍ തന്നെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് കടുത്ത വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി മദ്യപിച്ച വിവരം സ്ഥിരീകരിച്ചു. പത്തനംതിട്ട എസ്.പി ഓഫീസിന് തൊട്ടടുത്തുവെച്ചായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
ലഹരി വേട്ടയ്ക്കായി നിയോഗിക്കപ്പെട്ട പ്രത്യേക സംഘം തന്നെ ഇത്തരത്തില്‍ നിയമലംഘനം നടത്തിയത് ഡിപ്പാര്‍ട്ട്‌മെന്റിനെതിരെ വിമര്‍ശനത്തിന് ഇടയാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page