കാസര്‍കോട്: സെന്‍സസ് കണക്കെടുപ്പിലും ഭാര്യയും ഭര്‍ത്താവും ഒന്നിച്ച്: നാട്ടുകാര്‍ക്ക് കൗതുകം. ചോദ്യങ്ങള്‍ ഭര്‍ത്താവിന്റെ വക, എഴുതിയെടുക്കാന്‍ ഭാര്യയും,ജോലി എളുപ്പം.
മൊഗ്രാലിലെ കെ മുഹമ്മദ് കുഞ്ഞി മാഷും ഭാര്യ ഫര്‍സാന ടീച്ചറും മറ്റു സെന്‍സസ് എന്യൂമറേഷന്‍ ഡ്യൂട്ടിക്കാരില്‍ നിന്നു വ്യത്യസ്തത പുലര്‍ത്തുന്നു. കഴിഞ്ഞ എസ്‌ഐആര്‍ ജോലിയിലും വളരെ കൃത്യമായും വേഗത്തിലും നിര്‍വഹിച്ച് ഇവര്‍ നാട്ടുകാരുടെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. മുഹമ്മദ് കുഞ്ഞി മാഷിന് സെന്‍സസ് ഡ്യൂട്ടിയും ഒട്ടും പ്രയാസമുണ്ടാക്കിയിട്ടില്ല. നാട്ടുകാരുമായുള്ള പരിചയവും പൊതു സ്ഥലവും, അതിരുകളെല്ലാം അറിയാവുന്നതുകൊണ്ട് തന്നെ 34 ചോദ്യങ്ങള്‍ക്ക് വീട്ടുകാരില്‍ നിന്നുള്ള ഉത്തരം കണ്ടെത്തല്‍ എളുപ്പമാക്കുന്നു. ഭാര്യ കൂട്ടിനുള്ളപ്പോള്‍ പിന്നെ പറയേണ്ടതുമില്ല.
രാവിലെത്തന്നെ മുഹമ്മദ് കുഞ്ഞി മാഷും ഭാര്യയും സെന്‍സസ് എന്യൂമറേഷന്‍ ജോലികളില്‍ മുഴുകും. എസ്‌ഐആര്‍ ഡ്യൂട്ടിക്കിടയില്‍ ലഭിച്ച കെട്ടിട നമ്പരും, താമസക്കാരനെയും വീട്ടില്‍ എത്രപേരുണ്ടെന്നുമൊക്കെ മാഷിനും ഭാര്യക്കും മനഃപ്പാഠമാണ്. വീട്ടിലേക്ക് കയറി ചെല്ലുന്ന ഭാര്യയെയും ഭര്‍ത്താവിനെയും അതിഥികള്‍ എത്തിയത് പോലെയാണ് വീട്ടുകാര്‍ സ്വീകരിക്കുന്നത്. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ശനി, ഞായര്‍ ദിവസങ്ങളില്‍ ജോലി ചെയ്ത് കടമ നിര്‍വഹിക്കുന്നു. സ്‌കൂള്‍ ദിവസങ്ങളില്‍ കുട്ടികളുടെ പഠനത്തില്‍ മാതൃകാ അധ്യാപക ദമ്പതികള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കെ മുഹമ്മദ് കുഞ്ഞി ഉപ്പള എ.ജെ.ഐ.എ.യു.പി സ്‌കൂള്‍ അറബിക് അധ്യാപകനാണ്. ഫര്‍സാന മൊഗ്രാല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപികയുമാണ്.







