കാസര്‍കോട്: കള്ളാറില്‍ കനത്തമഴയില്‍ വീട് തകര്‍ന്നു. വലിയ ശബ്ദം കേട്ട് വീട്ടുകാര്‍ ഉടന്‍ പുറത്തേക്ക് ഓടിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കള്ളാറിലെ ഗീതയുടെ ഓടിട്ട വീടാണ് ബുധനാഴ്ച രാവിലെ തകര്‍ന്ന് വീണത്. അപകട സമയത്ത് ഗീതയും ഭര്‍ത്താവ് ശക്തിവേലുവും മകനും വീട്ടിനുള്ളിലുണ്ടായിരുന്നു. ഒരു വലിയ ശബ്ദം കേട്ടാണ് മൂവരും വീട്ടില്‍ നിന്ന് ഇറങ്ങിയോടിയത്. അപ്പോഴേയ്ക്കും വീട് തകര്‍ന്നുവീണു. ഓടുന്നതിനിടെ വീണ് ശക്തവേലുവിന്റെ കാലിന് പരിക്കേറ്റു. ഇദ്ദേഹത്തെ പിന്നീട് ആശുപത്രിയിലെത്തിച്ചു. ഗീതയുടെ പുതിയ വീടിന്റെ നിര്‍മാണം പൂര്‍ത്തിയായിവരികയായിരുന്നു. അപകട വിവരമറിഞ്ഞ് നിരവധി പേര്‍ സംഭവ സ്ഥലത്തെത്തി.

കള്ളാറിലെ വണ്ണാത്തിക്കാനത്ത് പറയകോണത്ത് എംഎല്‍ ചാക്കോയുടെ ഉടമസ്ഥതയിലുള്ള വീട് തെങ്ങ് വീണ് തകര്‍ന്നു. വള്ളിപ്പായില്‍ ജിജോയും കുടുംബവുമാണ് ഇവിടെ താമസിച്ചിരുന്നത്. മൂന്ന് മാസം പ്രായമായ കൈക്കുഞ്ഞ് അടക്കം അഞ്ചുപേര്‍ അപകടസമയത്ത് വീട്ടിലുണ്ടായിരുന്നു. അടുക്കളയില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് തെങ്ങ് വീടിന് മുകളില്‍ വീണത്. ഇവര്‍ കിടന്നുറങ്ങാറുള്ള രണ്ട് മുറികള്‍ പൂര്‍ണ്ണമായും തകര്‍ന്നു.







