എടിഎം കൗണ്ടറിന്റെ ചില്ല് തകര്‍ന്നു വീണു; കാഞ്ഞങ്ങാട് സ്വദേശിയായ ബാങ്ക് ജീവനക്കാരന്‍ മരിച്ചു

കാസര്‍കോട്: എടിഎം കൗണ്ടറിന്റെ ചില്ല് ദേഹത്തേക്ക് വീണ് കാഞ്ഞങ്ങാട് സ്വദേശിയായ ബാങ്ക് ജീവനക്കാരൻ മരിച്ചു. കാഞ്ഞങ്ങാട്, നിത്യാനന്ദ ആശ്രമത്തിനു സമീപത്തെ ബാലകൃഷ്ണന്‍ (56)ആണ് മരിച്ചത്. കര്‍ണ്ണാടക കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ മംഗ്‌ളൂരു ശാഖയിലെ അറ്റന്ററാണ്. ആഴ്ചയില്‍ ഒരു ദിവസം മാത്രമാണ് ഇയാള്‍ കാഞ്ഞങ്ങാട്ടെ വീട്ടിലെത്താറുള്ളു. മറ്റു ദിവസങ്ങളില്‍ മംഗ്‌ളൂരുവില്‍ തന്നെയാണ് താമസം.
കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ ശേഷം ബാങ്കിനു സമീപത്തെ എടിഎം കൗണ്ടറില്‍ കയറിയതായിരുന്നു. ഈ സമയത്ത് കാല്‍ തെന്നി വീഴുകയായിരുന്നുവെന്ന് സംശയിക്കുന്നു. ഇതിനിടയില്‍ കൗണ്ടറിന്റെ ഗ്ലാസ് തകര്‍ന്ന് ബാലകൃഷ്ണന്റെ ദേഹത്തേക്ക് പതിക്കുകയായിരുന്നു. ഏറെ നേരം കഴിഞ്ഞ് എത്തിയവരാണ് ബാലകൃഷ്ണനെ ചോര വാര്‍ന്നൊലിച്ച നിലയില്‍ കൗണ്ടറിനകത്തു കണ്ടെത്തിയത്. ഉടന്‍ വെന്‍ലോക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രാത്രി 11 മണിയോടെ മരണം സംഭവിച്ചു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ഇന്ന് (ബുധന്‍) ഉച്ച കഴിഞ്ഞ് കാഞ്ഞങ്ങാട്ടേക്ക് കൊണ്ടു വരും.
നിത്യാനന്ദ ആശ്രമത്തിനു സമീപത്തെ പരേതരായ ദാമോദര-സരോജിനി ദമ്പതികളുടെ മകനാണ്. ഭാര്യ: ഭാരതി. ഏക മകള്‍: ശ്രദ്ധ. സഹോദരങ്ങള്‍: ദിനകരന്‍, ബാലചന്ദ്രന്‍ (ഇരുവരും മംഗ്‌ളൂരുവില്‍ ബാങ്ക് ജീവനക്കാര്‍), ചന്ദ്രഹാസ (പ്രവാസി).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page