തളിപ്പറമ്പ്: ബംഗ്‌ളൂരുവിലെ ആശുപത്രിയില്‍ മരണമടഞ്ഞ യുവാവിന്റെ മൃതദേഹം ഖബറില്‍ നിന്ന് പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടത്തിനു അയച്ചു. ചക്കരക്കല്ല് മുതുകുറ്റി നൂറുല്‍ ഹുദാ മദ്രസക്ക് സമീപത്തെ നസീറ മന്‍സിലില്‍ സി.വി ഷാനവാസിന്റെ (45) മൃതദേഹമാണ് ഇന്ന് (ചൊവ്വ) രാവിലെ ഇരുവേരി ഹിദായത്തുല്‍ ഇസ്ലാം സഭ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നിന്ന് പുറത്തെടുത്തത്. ഷാനവാസിന്റെ മൃതദേഹം കഴിഞ്ഞ മാര്‍ച്ച് 16നാണ് മറവ് ചെയ്തത്. ബംഗ്‌ളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പൈല്‍സ് ചികിത്സക്കിടെയാണ് ഷാനവാസ് രക്തം വാര്‍ന്ന് മരിച്ചത്. ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലമാണ് ഭർത്താവ് മരിച്ചതെന്നു ആരോപിച്ച് ഭാര്യ ബംഗ്‌ളൂരു വി.വി പുരം പൊലീസ് സ്റ്റേഷനില്‍ പരാതി നൽകിയിരുന്നു. മൊബൈല്‍ ടോര്‍ച്ച് വെളിച്ചത്തിലാണ് ശസ്ത്രക്രിയ നടത്തിയതെന്നും ഗുരുതരമായ പിഴവാണ് മരണത്തിന് കാരണമായതെന്നും പരാതിയിൽ പറഞ്ഞിരുന്നു.
പരാതിയെ തുടർന്നാണ് മൃതദേഹം പുറത്തെടുത്ത് പരിശോധിക്കാന്‍ തീരുമാനിച്ചത്. പൊലീസിന്റെ അപേക്ഷ പ്രകാരം തളിപ്പറമ്പ് സബ് ഡിവിഷനില്‍ മജിസ്‌ട്രേട്ട് കോടതിയുടെ ഉത്തരവിലാണ് മൃതദേഹം ഖബറില്‍ നിന്ന് പുറത്തെടുത്തത്. തുടര്‍ന്ന് ചക്കരക്കല്‍ പൊലീസ് ഇൻസ്പെക്ടർ കെ.എ ഫക്രുദീന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ബംഗ്‌ളൂരു പൊലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു.







