വയനാട് മണ്ണിടിച്ചില്‍ ദുരന്തം; മരണം അഞ്ചായി, തിരച്ചില്‍ തുടരുന്നു, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

മേപ്പാടി: കള്ളാടിയിലെ മണ്ണിടിച്ചിലില്‍ മരണപ്പെട്ടവരുടെ എണ്ണം അഞ്ചായി. തുരങ്കപാത നിര്‍മാണത്തിനെത്തിയ അതിഥി തൊഴിലാളികളാണ് മരിച്ചവര്‍. തുരങ്കപാതയ്ക്ക് വേണ്ടി എടുത്ത മണ്ണ് നിരങ്ങിവന്നാണ് അപകടമുണ്ടായത്. പരിക്കേറ്റ ഒമ്പത് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ആറ് പേരെ കാണാനില്ല. ഇവര്‍ക്കായി കേന്ദ്ര ദുരന്ത സേനയുടെ നേതൃത്വത്തിലുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്. രണ്ട് കഡാവര്‍ നായകളെയും തെരച്ചിലിനായി എത്തിച്ചിട്ടുണ്ട്.
അതേസമയം മണ്ണിനടിയില്‍ എത്രപേരാണ് കുടുങ്ങിക്കിടക്കുന്നത് എന്ന് സംബന്ധിച്ച് നിലവില്‍ വ്യക്തതയില്ല. ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെ വയനാട് – കള്ളാടി തുരങ്ക പാതയുടെ പണികള്‍ നടക്കുന്ന കള്ളാടി മീനാക്ഷി പാലത്തിന് സമീപമാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. പാലത്തിനടുത്തുള്ള കുന്ന് ഇടിഞ്ഞ് നിര്‍മാണ സ്ഥലത്തേക്ക് വീഴുകയായിരുന്നു. തൊഴിലാളികളുമായി വന്ന രണ്ട് ബസുകളും മണ്ണിനടിയില്‍പ്പെട്ടിട്ടുണ്ട്. തുരങ്ക പാതയ്ക്കായി കെട്ടി ഉണ്ടാക്കിയ കോണ്‍ക്രീറ്റ് മതില്‍ ഉള്‍പ്പെടെ ഇടിഞ്ഞുവീണു. വയനാട്ടില്‍ തിങ്കളാഴ്ച അതിതീവ്ര മഴയാണ് രേഖപ്പെടുത്തിയത്‌. ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ അവധി പ്രഖ്യാപിച്ചു. മീനാക്ഷിപാലം അപകടാവസ്ഥയിലായതോടെ പാലത്തിനപ്പുറമുള്ള മേപ്പാടി, വെള്ളാറമല സ്‌കൂളുകളിലെ കുട്ടികളുടെ യാത്ര ദുരിതമായി. അങ്ങോട്ടും ഇങ്ങോട്ടും പോകാന്‍ കഴിയാത്ത അവസ്ഥയില്‍ സ്‌കൂളിലെ അധ്യാപകരും രക്ഷിതാക്കളും അടക്കം ആശങ്കയിലാണ്. അതേസമയം കള്ളാടിയിലെ മണ്ണിടിച്ചില്‍ മനുഷ്യനിര്‍മിതമായ ദുരന്തമാണെന്ന് മന്ത്രി ടി സിദ്ധീഖ് പ്രതികരിച്ചു. മന്ത്രിമാരായ അനില്‍കുമാറും സിദ്ധീഖും വയനാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. മണ്ണിടിച്ചില്‍ ഏറെ ദുഃഖത്തിലാഴ്ത്തുന്ന സംഭവമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി പ്രതികരിച്ചു. ഏറെ ദുഃഖത്തിലാഴ്ത്തുന്ന സംഭവം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്നു അദ്ദേഹം അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page