മലപ്പുറം: സ്വത്ത് തർക്കത്തെ തുടർന്ന് കൊണ്ടോട്ടിയില്‍ ജേഷ്ഠനെ അനുജൻ കുത്തിക്കൊലപ്പെടുത്തി. ഒഴുകൂര്‍ നെരവത്ത് നൂര്‍ മന്‍സിലില്‍ ചിറ്റങ്ങാടന്‍ മുഹമ്മദ് റഫീഖ് (53)ആണ് കൊല്ലപ്പെട്ടത്.
ഇയാളുടെ അനുജനായ ചിറ്റങ്ങാടന്‍ സാജിദിനെ(49) പൊലീസ് പിടികൂടി. ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്. രാവിലെ തറവാട്ട് മുറ്റത്ത് വെച്ച് സ്വത്തുമായി ബന്ധപ്പെട്ട് സഹോദരങ്ങള്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായെന്നും തുടര്‍ന്ന് അടിപിടിയുണ്ടായെന്നും അതിനിടെ സാജിദ് കത്തിയെടുത്ത് റഫീഖിനെ കുത്തി പരിക്കേൽപ്പിച്ചു. പരിക്കേറ്റ റഫീഖിനെ ആദ്യം കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോട് മിംസിലേക്ക് മാറ്റാനുള്ള ശ്രമത്തിലായിരുന്നു. മിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ നില ഗുരുതരമായതിനാൽ ഫറോഖ് ക്രസന്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അവിടെവെച്ച് മരിക്കുകയുമായിരുന്നു.
മരിച്ച റഫീഖ് കൊട്ടപ്പുറത്ത് ഭാര്യവീട്ടിലാണ് താമസം. മാതാവിനെ കാണാൻ ഒഴുകുരിലെ സ്വന്തം വീട്ടിൽ എത്തിയപ്പോഴാണ് തർക്കമുണ്ടായത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.








